Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 50

50. ഗാന്ധി ജയന്തി - ഇന്നാചാരിക്കുന്നതിന്റെ പ്രധാന്യം

അഭിരാം. പി

"ഭാരതത്തിൽ വെറുപ്പും വിദ്വേഷവും വർധിച്ചു വരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. മാത്രവുമല്ല, ഗാന്ധിജിയെ തരം പോലെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന ഭരണാധികാരികളുടെ കാലമാണ് ഇതെന്നതും സങ്കടകരമായ മറ്റൊരു സത്യമാണ്. അഹിംസ പ്രധാന സമര മാർഗമായി ജനങ്ങൾക്ക് സമ്മാനിച്ച ഗാന്ധിജി അഹിംസക്ക് ചെറിയൊരു വെല്ലുവിളി ചൗരിചൗരാ സംഭവത്തോട് ഉണ്ടായപ്പോൾ നിസ്സഹകരണ

പ്രസ്ഥാനം നിർത്തിവെക്കുക പോലുമുണ്ടായ സംഭവം ഓർക്കുമ്പോഴാണ് അദ്ദേഹം അഹിംസക്ക് കൊടുത്ത പ്രാധാന്യം നമുക്ക് ഒരു പാഠമാകുന്നത്.ഇന്ന് ഭാരതത്തിന്റെ അസ്തിത്വം തന്നെ വലിയൊരു പ്രതിസന്ധി നേരിടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.ഇത്തരമൊരു കാലത്ത് ഉത്തരവാദിത്തമുള്ളപൗരന്മാരായ നാം ഗാന്ധിജിയുടെ പാഠങ്ങൾ മുറുകെ പിടിച്ചുകൊണ്ട് അനീതിക്കെതിരെ ശബ്ദിക്കുക തന്നെയാണ് വേണ്ടത്. ഗാന്ധിജിയുടെ രണ്ട് വജ്രായുധങ്ങളായിരുന്നു സത്യവും അഹിംസയും. സത്യം എന്നത് നമ്മെ ശുദ്ധീകരിക്കുന്ന ഒരു പ്രധാന ഘടകമാണ്. നമ്മൾ സത്യത്തെ തന്നെ മുറുകെ പിടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സത്യത്തിന്റെ പാത നമ്മുടെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ആദ്യം നമ്മൾ സ്വയം സത്യത്തെ സ്വീകരിച്ചുകൊണ്ട് സത്യത്തിന്റെ പ്രചാരകരായാൽ സമൂഹത്തിൽ സത്യത്തിന്റെ വെളിച്ചം നൽകാൻ നമുക്ക് സാധിക്കും. അങ്ങനെ സമൂഹത്തെ ശുദ്ധീകരിക്കാൻ നമുക്ക് സാധിക്കുന്നു. മറ്റൊരു പ്രധാനപ്പെട്ട ആയുധം അഹിംസയാണ്.'എന്റെ മനസ്സിലൂടെ ആരെയും അവരുടെ വൃത്തിഹീനമായ പാദങ്ങളോട് കൂടി നടക്കാൻ സമ്മതിക്കില്ല' എന്ന ഗാന്ധിജിയുടെ ആപ്തവാക്യമാണ് ഗാന്ധിജി സ്വഛത അഥവാ വൃത്തിക്ക് എത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഗാന്ധിജി സ്വഛത എന്നതുകൊണ്ട് ഉദ്ദേശിച്ചത് മനസ്സിന്റെ ശുദ്ധിയാണ്. മനസ്സിൽ ചെളി പടരാൻ പാടില്ല. നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുക, അത് മാത്രം ശീലിക്കുക എന്നതാണ് ആദ്യ പടി. മനസ്സ് ശുദ്ധിയായാൽ നമ്മുടെ ശരീരം ശുദ്ധിയായി കൊണ്ടുനടക്കാൻ നാം ശ്രദ്ധിക്കും എന്നത് സത്യമാണ്. എന്തായാലും ഇന്നത്തെ കാലത്ത് പ്രതിസന്ധികൾ തരണം ചെയ്യാൻ ഗാന്ധിജി നമുക്ക് പഠിപ്പിച്ച പാഠങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ ജനാധിപത്യത്തിന്റെ യഥാർത്ഥ പതാകാ വാഹകരായി നാം മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

നമ്മള്‍ കേട്ടുകേട്ടു പഴക്കം ചെന്ന ഒന്നാണെല്ലോ ഗ്രാമ സ്വരാജ് എന്ന പദം. വികേന്ദ്രീകൃത ജനാധിപത്യത്തെ കുറിച്ചും മറ്റും പറയുമ്പോള്‍ സര്‍ക്കാര്‍ - സര്‍ക്കാരിതര ഏജന്‍സികള്‍ എപ്പോഴും ഉരുവിടുന്നതാണത്. സ്വാശ്രയത്വം എന്നതിന്റെ അര്‍ത്ഥവും വ്യാപ്തിയും ഇക്കാലത്ത് വളരെയേറെ പ്രസക്തിയുള്ളതാണ്. പ്രാദേശിക സ്വയം പര്യാപ്തത നേടിയ കൊച്ചു കൊച്ചു കൂട്ടായ്മകള്‍ക്കു ഇക്കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് ഏറെ പ്രയാസപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യേണ്ടി വന്നില്ല. ഉല്‍പാദനപരമായ പ്രവര്‍ത്തനങ്ങളോട് എന്നും വിമുഖത കാട്ടിയിരുന്ന നമ്മുടെ കൊച്ചു കേരളത്തിലെ മനുഷ്യര്‍ കാര്‍ഷിക മേഖലയില്‍ ലോക് ഡൗണ്‍ കാലത്തും തുടര്‍ന്നും നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ ചില തിരിച്ചറിയലുകളാണ്. അധ്വാനത്തിന്റെ മഹത്വവും സ്വയംപര്യാപ്തതയുമെല്ലാം നമുക്ക് വേണ്ടതാണെന്ന് മനസ്സിലാക്കുന്നു.

മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ എല്ലാം നിറവേറ്റാന്‍ ഉതകുന്ന സ്വയം പര്യാപ്തമായ ഗ്രാമങ്ങളെയാണ് ഗാന്ധിജി വിഭാവനം ചെയ്തത്. വിഭവങ്ങളുടെ ഉറപ്പു വരുത്തല്‍ മാത്രമല്ല പരസ്പര സഹകരണവും പരസ്പരാശ്രയത്വവും കൂടി ഉറപ്പിക്കുന്ന ഒന്നായിരുന്നു അത്. അത് കേവലം ഉട്ടോപ്യന്‍ ആശയമായി പറയുന്നിടത്താണ് കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരം പ്രാദേശിക സ്വാശ്രയ സമൂഹങ്ങളുടെ പ്രസക്തി വെളിവാകുന്നത്.

വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പ്രക്യതിയെയും അതിനെ സംരക്ഷണ പ്രവര്‍ത്തനങ്ങളെയും ഈ ഗാന്ധിജയന്തി ദിനത്തില്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് IPCC റിപ്പോര്‍ട്ട് തരുന്ന മുന്നറിയിപ്പുകള്‍ ഏറെ ആശങ്കാജനകമാണ്. വരുന്ന രണ്ട് ദശകത്തിനുള്ളില്‍ ഭൂമിയുടെ താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കും എന്ന പ്രധാന കണ്ടെത്തല്‍ ഏറെ ചിന്തിപ്പിക്കേണ്ടതാണ്.

അതീവ ചൂട്, വരള്‍ച്ച, തീവ്ര മഴ, കാട്ടുതീ , താറുമാറാകുന്ന കടല്‍ - ഇവയൊക്കെ നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. മത്സ്യസമ്പത്തിനെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് കടലില്‍ നിറയുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. മനുഷ്യന്റെ പ്രവൃത്തി കാരണമാണ് ഇത്തരം സ്ഥിതി വിശേഷം സംജാതമാകുന്നത്. അവിടെയാണ് ലളിതജീവിതം , ആവശ്യങ്ങള്‍ക്ക് പരിധി കല്‍പ്പിക്കല്‍ എന്നീ ഗാന്ധിയന്‍ പ്രമാണങ്ങള്‍ക്ക് പ്രസക്തി . ഇത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോഴേ സുസ്ഥിരമായ ജീവിതവും സമാധാനവും കൈവരുകയുള്ളൂ . അതിനായുള്ള ഉദ്യമം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ നിന്നാണ് തുടങ്ങേണ്ടത്.

*_ഗാന്ധിജിയുടെ ആശയങ്ങൾ മാനവികതയോടൊപ്പം ഒഴുകുന്നത് തുടരുന്നിടത്തോളം ഗാന്ധിജിയുടെ പ്രചോദനവും പ്രസക്തിയും നമ്മോടൊപ്പമുണ്ടാകും_*




No comments:

Post a Comment

MIKAV 06