അജയ്
മറ്റു പല ഭാരതീയ ഭാഷകളിലും ഗാന്ധിജിയുടെ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ മലയാളത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ ജീവചരിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി (1913). വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥന്‍', വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ 'സ്വരാജ്യഗീത', വയലാര്‍ രാമവര്‍മയുടെ 'പാദമുദ്രകള്‍' എന്‍.വി. കൃഷ്ണവാര്യരുടെ 'ഗാന്ധിജിയും ഗോഡ്സെയും' തുടങ്ങി നിരവധി കവിതകള്‍ മലയാള ഗാന്ധിയന്‍ സാഹിത്യത്തെ സമ്പന്നമാക്കുന്നു. ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, ജി. കുമാരപിള്ള, അയ്യപ്പപ്പണിക്കര്‍ തുടങ്ങിയ കവികളും ഗാന്ധിജിയെ അനുസ്മരിച്ച് കവിതകള്‍ രചിച്ചിട്ടുണ്ട്.
പി. കേശവദേവിന്റെ ഭ്രാന്താലയം, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും തുടങ്ങി മലയാളത്തിലെ ചില നോവലുകളിലും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ കാണാം. ഇടശ്ശേരിയുടെ കൂട്ടുകൃഷി, എം.പി വിരേന്ദ്രകുമാറിന്റെ വളരുന്ന ഭൂമി വറ്റാതെ ഗാന്ധി,എം. ഗോവിന്ദന്റെ നീ മനുഷ്യനെ കൊല്ലരുത് തുടങ്ങിയ നാടകങ്ങളില്‍ അഹിംസയാണ് മുഖ്യപ്രമേയം. ഗാന്ധിജിയുടെ ജീവിതം മഹാത്മാ എന്ന പേരില്‍ കെ.പി. കേശവമേനോന്‍ നാടകരൂപത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്.
കെ.പി. കേശവമേനോന്‍ രണ്ട് വാല്യങ്ങളിലായി ഗാന്ധിജിയുടെ ജീവിതകഥ രാഷ്ട്രപിതാവ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പി.കെ. പരമേശ്വരന്‍ നായരുടെ ഗാന്ധിയന്‍ പഠനങ്ങളും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ മഹാത്മാഗാന്ധി എന്ന ജീവചരിത്രവും ഏകഭാരതത്തിന്റെ ദീപശിഖകള്‍ എന്ന വൈകാരികോദ്ഗ്രഥന പഠനവും വിലപ്പെട്ട രണ്ടു ഗാന്ധിസാഹിത്യ കൃതികളാണ്.
ഗാന്ധിജിയുടെ ഒരു ഡസനില്‍പ്പരം ജീവചരിത്രങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ തിരഞ്ഞെടുത്ത കൃതികള്‍ ഏഴു വാല്യങ്ങളിലായി 'കേരള ഗാന്ധിസ്മാരക നിധി' പ്രസിദ്ധീകരിച്ചു. കൈനിക്കര കുമാരപിള്ളയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പണ്ഡിതന്മാരാണ് പരിഭാഷ നിര്‍വഹിച്ചത്. ഗാന്ധിജിയുടെ ആത്മകഥ പൂര്‍ണരൂപത്തിലും ക്യാവ്യാത്മകരൂപത്തിലും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗീതാഖ്യാനമായ അനാസക്തിയോഗവും മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കെ. രാമചന്ദ്രന്‍നായരുടെ ഗാന്ധിജിയും കേരളവും എന്ന ഗ്രന്ഥവും പ്രാധാന്യമര്‍ഹിക്കുന്നു.
കൈനിക്കര കുമാരപിള്ളയുടെ ഗാന്ധിവിചാര വീചികള്‍, പി.കെ. പരമേശ്വരന്‍ നായരുടെ അഹിംസയും ലോകശക്തിയും, സുകുമാര്‍ അഴീക്കോടിന്റെ മഹാത്മാവിന്റെ മാര്‍ഗം, ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മഹാത്മാവും ഇസവും, രാഘവന്‍ തിരുമുല്‍പ്പാടിന്റെ ഇസവും മഹാത്മാവും, ഡോ. കെ. വേലായുധന്‍ നായരുടെ ഗാന്ധിദര്‍ശനം, ഡോ. കെ. അരവിന്ദാക്ഷന്റെ ഗാന്ധിജിയുടെ ജീവിതദര്‍ശനം, കെ.പി. കരുണാകരന്റെ പുതിയ കാഴ്ചപ്പാടുകള്‍ എന്നീ കൃതികളും മലയാള ഗാന്ധിസാഹിത്യത്തെ സമ്പന്നമാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.
വിനോബാജി, കൃപാലിനി, രാജേന്ദ്ര പ്രസാദ്, കാകാ കലേല്‍ക്കര്‍, ജയപ്രകാശ് നാരായണ്‍, കെ.ജി. ശത്രുവാല തുടങ്ങിയവര്‍ എഴുതിയ കൃതികള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എസ്. രാധാകൃഷ്ണന്‍ എഡിറ്റു ചെയ്ത മഹാത്മാഗാന്ധി, മഹാത്മാഗാന്ധി നൂറു വര്‍ഷം എന്നീ കൃതികളുടെ പരിഭാഷകളും ലഭ്യമാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള നിരവധി ഗാന്ധിസാഹിത്യകൃതികള്‍ കേരള ഗാന്ധിസ്മാരകനിധി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുത്തച്ഛൻ
മുട്ടോളമെത്തുന്ന മുണ്ടുത്തേ,
വടി കുത്തി നടന്നൊരു മുത്തച്ഛൻ,
മുൻവരിപല്ലു രണ്ടിലേലും
പുഞ്ചിരി ചെലുള്ള മുത്തച്ഛൻ
സ്വാതന്ത്ര്യത്തിരു മന്ത്രം നമ്മുടെ
നാവിൽ കുറിച്ചതു ചൊലിച്ചു
നമ്മെ പിച്ച നടത്തിച്ചു
നമ്മൾക്കായി പ്രാർത്ഥിച്ചു
നമ്മൾക്കായി വെടികൊണ്ടു മരിച്ചു
നമ്മൾ മറക്കരുതൊരു നാളും
-ഓ. എൻ. വി കുറിപ്പ്
No comments:
Post a Comment