Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ ആമുഖക്കുറിപ്പ്

 

ആമുഖക്കുറിപ്പ്


2023 ഒക്ടോബർ 2 ഗാന്ധിജയന്തിദിനം 2 ദിവസത്തെ ഗാന്ധിയും കാലവും എന്ന സെമിനാർ നിർവഹിച്ചുകൊണ്ടാണ് മണ്ണമ്പറ്റ ടീച്ചർ ട്രൈനിങ്ങ് ഇന്സ്റ്റിറ്റ്യൂട്ടിലെ അധ്യാപക വിദ്യാർഥികളും അധ്യാപകരും ആചരിച്ചത്. വെറും ആചരണം എന്ന നില വിട്ട് മഹാത്മാഗാന്ധിയെ സമഗ്രമായി പഠിക്കുന്നതിനുള്ള തയാറെടുപ്പുകൾ നേരത്തെ നടത്തി. ഗാന്ധി ടൈം ലയിൻ പരിശോധിച്ച് ഗാന്ധിയൻ ജീവിതത്തിലെ 52 സുപ്രധാനമെന്നുതോന്നിയ ഘട്ടങ്ങൾ കണ്ടെത്തി പഠിക്കയും അത് സെമിനാർ പ്രബന്ധങ്ങളാക്കി അവതരിപ്പിക്കയുമായിരുന്നു. ഗാന്ധി - ഒരാമുഖം, ഗാന്ധി - ബാല്യം , വിദ്യാഭ്യാസം, ഗാന്ധി- ദക്ഷിണാഫ്രിക്കയിൽ , ഗാന്ധി ഇന്ത്യയിൽ.... തുടങ്ങി ഗാന്ധി ദിനാചരണ പ്രസക്തി ഇന്ന്, ആഗോളീകരണകാലത്തെ ഗാന്ധി എന്നിങ്ങനെ 52 പേപ്പറുകൾ 5 സെഷനുകളിലായി അവതരിപ്പിച്ചു. ഓരോ 10 പേപ്പറുകൾക്ക് ശേഷം അവയുടെ ക്രോഡീകരണവും അധ്യാപികയുടെ കമന്റും ചേർന്ന 5 സെഷനുകൾ 2 ദിവസം തുടർച്ചയായി നടന്നു. 52 പേപ്പറുകൾ 5 ക്രോഡീകരണങ്ങൾ 5 ടീച്ചർ നോട്ടുകൾ എന്നിങ്ങനെ വിപുലമായി ഗാന്ധിയെ മനസ്സിലാക്കാനുള്ള വൈജ്ഞാനിക പ്രവർത്തനങ്ങളാണ് ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് നടന്നത്.

വിക്കിപീഡിയ അടക്കം നിരവധി സ്രോതസ്സുകൾ അധ്യാപക വിദ്യാർഥികളും അധ്യാപകരും പ്രയോജനപ്പെടുത്തിയാണ് സെമിനാർ പേപ്പറുകൾക്കുള്ള ഉള്ളടക്കം സ്വരൂപിച്ചത്. ഇതിൽ ചേർത്തിട്ടുള്ള എല്ലാ രചനകളും ചിത്രങ്ങളും അതുകൊണ്ടുതന്നെ നെറ്റിടങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ശേഖരിച്ചിട്ടുള്ളവയാണ്. വിദ്യാഭ്യാസാവശ്യത്തിനായി മാത്രമേ ഇതൊക്കെയും പ്രയോജനപ്പെടുത്തുവെന്ന് ഞങ്ങൾ ഉറപ്പുതരുന്നു. ചില പേപ്പറുകൾ പ്രാദേശിക ജ്ഞാനവൃദ്ധരുമായി സംസാരിച്ചതിന്റെ ഭാഗമായി എഴുതിയതാണ്. അവരോടുള്ള ആദരവ് ഞങ്ങൾ പ്രകാശിപ്പിക്കുന്നു.

സമകാലിക ഇന്ത്യൻ ജീവിതത്തിലും ഈ ആഗോളീകരണ കാല ജീവിതത്തിൽ പ്രത്യേകിച്ചും ഗാന്ധിയൻ ചിന്തകളിലേക്ക് തിരിഞ്ഞുനോക്കുകയും പ്രയോജനപ്പെടുത്തുകയും വേണ്ടതാണെന്ന് ആദ്യമേ ക്ളാസിൽ ചർച്ച ചെയ്ത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണീ പഠന യജ്ഞം നിർവഹിച്ചിട്ടുള്ളത്. ഗാന്ധിയെ ഗൂഗിളിൽ നോക്കിയപ്പോൾ കോടിക്കണക്കിന് [ 46,60,00,000 –0.45 സെക്കണ്ടിൽ ] സൈറ്റുകളാണ് കാണാനായത്. ഇന്നും ഗംഭീരമായ ഗാന്ധിയൻ പഠനങ്ങൾ ഇന്ത്യക്കകത്തും പുറത്തും നടക്കുന്നുണ്ട്. സാഹിത്യം, സിനിമ, ചിത്രം, ശിൽപ്പം, നാടകം, നൃത്തം , ധാർമ്മികത, മൂല്യബോധം, അനുഷ്ടാനങ്ങൾ , വസ്ത്രം, ഭക്ഷണം, ചികിൽസ , വാസ്തു - നിർമ്മാണം, തുടങ്ങി ഇന്ത്യൻ സംസ്കാരരൂപങ്ങളിലൊക്കെ ഗാന്ധിയൻ ചിന്തകളും ഗാന്ധിയൻ ജീവിതത്തിന്റെ സ്പർശങ്ങളും തെളിഞ്ഞുകാണാനാകും. പൊതുവെ മനുഷ്യകുലത്തിന്റെ വലിയൊരു വിഭാഗത്തിലും ഗാന്ധി പ്രത്യക്ഷമായും പരോക്ഷമായും ജീവിക്കുന്നുണ്ടെന്ന് കാണാനാവും. ഈ യൊരു വൈപുല്യമാണ് - മനുഷ്യകുലത്തിലാകെ വേരൂന്നിയുള്ള ഗാന്ധിയൻ നിലയാണ് - ഇത്തരമൊരു പഠനയജ്ഞത്തിന്ന് ഞങ്ങൾക്ക് ആവേശം തന്നത്.

അറിവുകൾ തന്ന വിവിധ സ്രോതസ്സുകളോടുള്ള നന്ദി രേഖപ്പെടുത്തുന്നു. ഓരോ ഘട്ടത്തിലും സജീവമായി ചർച്ചകൾ നയിച്ച ഇവിടത്തെ അധ്യാപക വിദ്യാർഥികൾ അധ്യാപികമാർ പ്രാദേശിക വിദഗ്ദ്ധർ എന്നിവരൊക്കെ ഈ പഠനം വിജയിപ്പിച്ചവരാണ്.


എസ്. വി. രാമനുണ്ണി , പ്രിൻസിപ്പാൾ ,

ടി ടി ഐ മണ്ണമ്പറ്റ വിജയദശമി ദിനം 2023

No comments:

Post a Comment

MIKAV 06