Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 40


40. ഗാന്ധിജിയുടെ അവസാന ദിവസം

ഫാത്തിമ ഷിബില

1948 ജനവരി 30

പുലർച്ചെ 3.30: പതിവുപോലെ ഗാന്ധിജി ഉറക്കം ഉണർന്നു.

മനുവിനെയും ആഭയെയുമൊക്കെ വിളിച്ചുണർത്തി. പല്ലു തേച്ചു.

3.45: പുറത്തെ വരാന്തയിൽ പ്രാർത്ഥനാ യോഗം ഒരംഗം സമയത്തിന് ഉണർന്നു വരാത്തതിൽ

നീരസം പ്രകടിപ്പിച്ച അദ്ദേഹം പറഞ്ഞു "ഇതൊക്കെ കാണാൻ ദൈവം എന്നെ അധിക

കാലം ഇവിടെ വെച്ചേക്കില്ലെന്നാണ് എന്റെ പ്രതീക്ഷ ".

ഗാന്ധിജി താല്പര്യപ്പെട്ടതനുസരിച്ച്

ഗുജറാത്തിയിലുള്ള പ്രാർത്ഥനാഗാനം മനു ആലപിച്ചു.

4.15:മനുവിന്റെയും ആഭയുടെയും ചുമലിൽ താങ്ങി ഗാന്ധിജി മുറിയിൽ തിരിച്ചെത്തി. മനു അദ്ദേഹത്തിന്റെ കാലുകൾ കമ്പിളി കൊണ്ട് പുതപ്പിച്ചു. കോൺഗ്രസ് ഭരണഘടന പരിഷ്കരിക്കുന്നതിനായി രാത്രി എഴുതി തയ്യാറാക്കിയ നിർദ്ദേശങ്ങൾ വായിച്ചു തിരുത്താൻ ആരംഭിച്ചു.

4.45: നാരങ്ങാനീരും തേനും ചേർത്ത ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു.

5.45: പതിവുള്ള ഒരു നാരങ്ങാ ജ്യൂസ് കുടിച്ച ശേഷം മയക്കമാരംഭിച്ചു.

6.15: മയക്കം ഉണർന്ന ശേഷം കത്തുകളുടെ ഫയൽ എടുപ്പിച്ചു.

തലേന്ന് കിഷോരിലാൽ മഷ്റൂവാലയ്ക്ക് എഴുതിയ കത്തിനെപ്പറ്റി അന്വേഷിച്ചു. പോസ്റ്റ്‌ ചെയ്യാൻ മറന്നുപോയ ആ കത്ത് മനു കണ്ടെടുത്തു. ഫെബ്രുവരി 2ന് സേവാഗ്രാമത്തിലെത്തുമ്പോൾ മഷ്റൂവാലയെ നാം നേരിൽ കാണുമല്ലോ എന്ന് മനു പറഞ്ഞതിന് 'ഭാവിയെ കുറിച്ച് ആർക്കറിയാം'എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം.

7.00:നേരത്തെ അനുവദിച്ചിരുന്ന കൂടിക്കാഴ്ച്ച സംസാരിക്കുന്നതിനിടയിൽ ഗാന്ധിജി മുറിയിൽ ഉലാത്തികൊണ്ടിരുന്നു.

7.30: കോൺഗ്രസിന്റെ ഭരണഘടന പുതുക്കാനുള്ള നിർദ്ദേശങ്ങൾ സെക്രട്ടറി പ്യാരെലാലിനെ വായിച്ചു കേൾപ്പിക്കാൻ ഏൽപ്പിച്ച ശേഷം തൊട്ടടുത്ത മുറിയിൽ ബ്രിജ്കൃഷ്ണയുടെ അടുത്ത് ശരീരം തിരുമ്മിക്കാൻ ചെന്നു.

8.00: പ്യാരെലാലുമായി കരടുരേഖയെ പറ്റി ചർച്ച.

8.30:മനുവിന്റെ സഹായത്തോടെ കുളി. കുളി കഴിഞ്ഞ് മനു അദ്ദേഹത്തിന്റെ തൂക്കം അളന്നു. അഞ്ചടി അഞ്ചിഞ്ചുകാരനായ ഗാന്ധിജിക്ക് അന്ന് 109.5 പൗണ്ട് തൂക്കാമായിരുന്നു. തുടർന്ന് ബംഗാളി ഭാഷയിലുള്ള എഴുത്തു പരിശീലനം.

9.30: പ്രഭാത ഭക്ഷണം- വേവിച്ച പച്ചക്കറികൾ, 12 ഔൺസ് ആട്ടിൻ പാൽ, നാലു തക്കാളി,നാല് നാരങ്ങ,ക്യാരറ്റ് ജ്യൂസ് എന്നിവ ഉൾപ്പെട്ടതായിരുന്നു പ്രാതൽ. ഭക്ഷണത്തിനിടെ പ്യാരെലാലുമായി ചർച്ച തുടർന്നു. താൻ പാകിസ്ഥാനിലേക്ക് പോകാനുദ്ദേശിക്കുന്ന കാര്യം അദ്ദേഹം പ്യാരെലാലിനെ അറിയിച്ചു.

10.30:ഉറക്കം

12.00:ഉറക്കമുണർന്ന് തേൻ ചേർത്ത വെള്ളം കുടിച്ച ശേഷം ബാത്റൂമിലേക്ക്. ഏറെ ദിവസങ്ങൾക്കുശേഷം അന്നാദ്യമായിട്ടായിരുന്നു അദ്ദേഹം പരിസഹായം ഇല്ലാതെ ബാത്റൂമിലേക്ക് പോകുന്നത്. മനു ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് 'walk alone, walk alone' എന്ന ടാഗോറിന്റെ വരികൾ ഈണത്തിൽ ഉച്ചരിച്ചു.

12.30: ഡൽഹിയിലെ മുസ്ലിം നേതാക്കളുടെ സംഘത്തോട്‌ ഭാവിപരിപാടികൾ വൈകുന്നേരത്തെ പ്രാർത്ഥനാ യോഗത്തിൽ അറിയിക്കാമെന്ന് പറയുന്നു.

1.00:വയറ്റിൽ മണ്ണ് പൊതിഞ്ഞ് വെയിൽ കായൽ. മനുവും ആഭയും കാലുകൾ ഉഴിഞ്ഞു കൊടുത്തു.

1.30:നാരങ്ങ നീരു ചേർത്ത ക്യാരറ്റ് ജ്യൂസ്‌ കുടിച്ചു. വീടില്ലാത്ത അന്ധരായ കുറേ അഭയാർത്ഥികൾ കാണാനെത്തി. അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ ബ്രിജ് കൃഷ്ണക്കു നിർദേശം നൽകി.

2.15:പതിവു മുഖാമുഖ പരിപാടി. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ആളുകൾ സന്ദർശകരിൽ ഉണ്ടായിരുന്നു.

3.15:ഒരു ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഗാന്ധിജിയുടെ ഫോട്ടോകൾ അടങ്ങിയ ആൽബം അദ്ദേഹത്തിനു സമ്മാനിച്ചു.

4.00: പിറ്റേന്ന് വാർധയിലേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റ് ശരിയാക്കാൻ ബ്രിജ് കൃഷ്ണക്കു നിർദേശം നൽകിയ ശേഷം ബാത്റൂമിലേക്ക് പോയി.ഈ സമയം സർദാർ പട്ടേലും മകളും എത്തി. പട്ടേലുമായി സംഭാഷണത്തിലേർപ്പെട്ടു. ഇതിനിടെ രണ്ട് കാത്തിയവാഡ നേതാക്കൾ

കാണാനാഗ്രഹിക്കുന്നതായി മനു വന്നു അറിയിച്ചു.'പ്രാർത്ഥന യോഗത്തിന് ശേഷവും ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ

കാണാമെന്നു പറയൂ'എന്ന് മറുപടി നൽകാൻ ഗാന്ധിജി മനുവിനോട് പറഞ്ഞു.


5.10:അഞ്ചു മണിയാണ് പ്രാർത്ഥനായോഗത്തിന്നു നിശ്ചയിച്ചിട്ടുള്ള സമയം അത് തെറ്റിക്കുന്നത് ഗാന്ധിജിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല. അഞ്ചു മണി കഴിഞ്ഞത് ഗാന്ധിജി അറിഞ്ഞിട്ടില്ലെന്നു മനസ്സിലായപ്പോൾ ആഭ വാച്ച് കാട്ടി സമയം അറിയിച്ചു.ഗാന്ധിജി സംസാരം നിർത്തി എഴുന്നേറ്റു. ഷാൾ പുതച്ച ശേഷം

തന്റെ'വാക്കിങ്സ്റ്റിക്കായ'മനു-ആഭമാരോടൊപ്പോം മുറിക്കു പുറത്തിറങ്ങി.

പ്രാർത്ഥന മൈതാനത്തേക്ക് കഷ്ടി 200 അടി ദൂരമുണ്ടായിരുന്നു.

വൈകിയതിനാൽ, വലതുവശത്തെ പുൽത്തകിടിയിലൂടെ പോകുന്ന പതിവു തെറ്റിച്ച് മൈതാനത്തിന് കുറുകെയാണ് ഗാന്ധിജി നടന്നത്.

5.15:ആൾക്കൂട്ടത്തിൽ നിന്ന് നാഥുറാം ഗോഡ്സെ കൂപ്പിയ കൈകളോടെ മുന്നോട്ട് വന്നു.' നമസ്തേ ഗാന്ധിജി' എന്നു പറഞ്ഞു.അയാൾ ഗാന്ധിജിയുടെ പാദങ്ങളിൽ ചുംബിക്കുവാൻ പോവുകയാണെന്നാണ് മനു കരുതിയത്. ഗാന്ധിജിക്ക്

ഇഷ്ടമില്ലാത്ത കാര്യമാണത്.അവൾ പറഞ്ഞു:"സഹോദരാ, ബാപ്പു ഇപ്പോൾ തന്നെ വൈകിയിരിക്കുകയാണ്". പെട്ടെന്ന് ഗോഡ്സെ ഇടതു കൈകൊണ്ട് മനുവിനെ തള്ളി മാറ്റി.അയാളുടെ വലതു കൈയിൽ കറുത്ത പിസ്റ്റൾ വെളിപ്പെട്ടു. നിലത്തുവീണ മനുവിന്റെ നിലവിളിക്കു മീതെ മൂന്നുതവണ വെടിയൊച്ച മുഴങ്ങി. 'ഹേ റാം,ഹേ റാം' എന്ന് മന്ത്രിച്ച് കൂപ്പിയ കൈകളോടെ തന്നെ മഹാത്മാജി നിലത്തേക്ക് കുഴഞ്ഞുവീണു.

5.17: ജീവൻ ഗാന്ധിജിയെ വിട്ടു





No comments:

Post a Comment

MIKAV 06