27. സിവിൽ നിയമലംഘന പ്രസ്ഥാനം
നിഖില
1930 ൽ ഗാന്ധി നയിച്ച സിവിൽ ലംഘന പ്രസ്ഥാനം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അഹിംസയും സഹനസമരവും പോലുള്ള തത്വപ്രമാണങ്ങൾ രാഷ്ട്രീയ പോരാട്ടങ്ങളിൽ എപ്രകാരം ഉപയോഗിക്കാൻ കഴിയുമെന്ന് ഇന്ത്യക്കാർ പഠിച്ചു. ഗാന്ധി നേതൃത്വം നൽകിയ പ്രസ്ഥാനങ്ങളിൽ സ്വീകരിക്കപ്പെട്ട കർമ്മ പരിപാടികളും നയങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളായ
അഹിംസയും സത്യാഗ്രഹവും പ്രകാശിപ്പിക്കുന്നവയായിരുന്നു. അക്രമരഹിതമായ നിസ്സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് നിസ്സാരണ പ്രസ്ഥാനം പടുത്തുയർത്തിയത് എങ്കിൽ ബ്രിട്ടീഷ് നിയമങ്ങൾ ബഹിഷ്കരിക്കുക എന്നതായിരുന്നു സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ സത്ത. ദേശീയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെ അദ്ദേഹം സ്വന്തം രാഷ്ട്രീയ നിലപാടുകൾ മുന്നോട്ടുവയ്ക്കുക മാത്രമല്ല ബഹുജനങ്ങളെ ഉണർത്തുന്നതിലും രാഷ്ട്രീയം സാധാരണക്കാരുടെ മണ്ഡലത്തിലേക്കു കൊണ്ടുവരുന്നതിലും നിർണായക പങ്കുവയ്ക്കുകയും ചെയ്തു.സിവിൽ നിയമലംഘന പ്രസ്ഥാനത്തിലേക്ക് നയിച്ച ഘടകങ്ങൾ
നിലവിൽ ഉണ്ടായിരുന്ന സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങൾ സിവിൽ നിയമലംഘനം പ്രസ്ഥാനത്തിന്റെ ആരംഭത്തിൽ നിർണായക പങ്കു വഹിച്ചു. ഇന്ത്യൻ ഭരണഘടന തയ്യാറാക്കി ചിട്ടപ്പെടുത്തുന്നതിന് 1927 നവംബറിൽ ബ്രിട്ടീഷ് ഗവൺമെന്റ് ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ മാത്രമുള്ള സൈമൺ കമ്മീഷന് രൂപം നൽകി. കമ്മീഷന്റെ അധ്യക്ഷ പദവി സർ ജോൺ സൈമണിന് നൽകി. " വെള്ളക്കാർ മാത്രമുള്ള കമ്മീഷൻ " എന്ന കുറ്റപ്പെടുത്തുന്ന സൈമൺ കമ്മീഷനെ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ, സാമൂഹിക വിഭാഗങ്ങളും ബഹിഷ്കരിച്ചു. ബംഗാളിൽ സൈമൺ കമ്മീഷണനെതിരായ പ്രതിഷേധം അതിശക്തമാകുകയും 1928 ഫെബ്രുവരി 3 ന് പ്രവിശ്യയുടെ എല്ലാ ഭാഗങ്ങളിലും ഹർത്താൽ ആചരിക്കപ്പെടുകയും ചെയ്തു. സൈമൺ കമ്മീഷൻ കൽക്കത്തയിൽ വരുന്ന സന്ദർഭത്തിൽ നഗരത്തിലെമ്പാടും പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. സൈമൺ കമ്മീഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ എല്ലാം 1928 മെയ്യിൽ ബോംബെയിൽ ഒരു സർവകക്ഷി സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ഡോ. എം എ അൻസാരി ആയിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷൻ. ഇന്ത്യയ്ക്കുവേണ്ടി ഒരു ഭരണഘടന തയ്യാറാക്കുന്നതിനായി സമ്മേളനം നിയമിച്ച കരട് നിർമ്മാണ സമിതിയുടെ അധ്യക്ഷപദം മോത്തിലാൽ നെഹ്റുവിനെ ഏൽപ്പിച്ചു.
നെഹ്റു റിപ്പോർട്ട് ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും അംഗീകരിച്ചു. 1928 ഡിസംബറിൽ നെഹ്റു റിപ്പോർട്ടിന്റെ എല്ലാ ഭാഗങ്ങളും അംഗീകരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ മേൽ സമ്മർദ്ദം ചെലുത്തി. ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി നൽകുന്നില്ലെങ്കിൽ രാജ്യം എമ്പാടും ഒരു സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കുമെന്ന് 1928 ഡിസംബറിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൽക്കത്ത സമ്മേളനം ബ്രിട്ടീഷ് ഗവൺമെന്റിന് മുന്നറിയിപ്പ് നൽകി. ഇന്ത്യയ്ക്ക് ഡൊമിനിയം പദവി നൽകുകയാണ് ഭരണപരിഷ്കാരങ്ങളുടെ അന്തിമലക്ഷ്യം എന്ന് ഗവർണർ ജനറൽ ലോർഡ് ഇർവിൻ ഏതാനും മാസങ്ങൾക്ക് ശേഷം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തെ തുടർന്ന്, ഭരണഘടന പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതൽ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് ഗാന്ധി മറ്റ് ദേശീയ നേതാക്കൾക്കൊപ്പം ഗവർണർ ജനറലിനോട് അഭ്യർത്ഥിച്ചു. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും രാജ്യത്തിന്റെ ഭരണഘടന സംബന്ധിച്ച പ്രശ്നങ്ങൾ ആലോചിക്കുന്നതിന് ഒരു വട്ടമേശ സമ്മേളനം സംഘടിപ്പിക്കാനുള്ള നിർദ്ദേശം നടപ്പാക്കണം എന്നും ഉള്ള ആവശ്യം ഉന്നയിക്കപ്പെട്ടു.
കോൺഗ്രസ് നടത്തിയ പരിശ്രമങ്ങൾക്കൊന്നും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് അനുഭവപൂർണ്ണമായ പ്രതികരണങ്ങൾ ഉണ്ടായില്ല. ഇന്ത്യൻ ബഹുജനങ്ങളുടെ ക്ഷമ നശിച്ചു കൊണ്ടിരുന്നു. പ്രേരണ തന്ത്രങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റിനു മുമ്പിൽ ഫലപ്രദമാകില്ലെന്ന് രാജ്യത്തെ രാഷ്ട്രീയ ബുദ്ധി കേന്ദ്രങ്ങൾക്ക് ഉറപ്പായിരുന്നു. സിവിൽ നിയമലംഘനം പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ബർദോളിയിൽ സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ കർഷകർ 1928 ൽ തന്നെ സത്യാഗ്രഹം ആരംഭിച്ചിരുന്നു. അവരുടെ നികുതി നിഷേധ പ്രക്ഷോഭങ്ങൾ ഭാഗികമായി വിജയകരമായിരുന്നു. അക്രമരഹിത ആയുധമായ സത്യാഗ്രഹത്തെ ഗവൺമെന്റിനെതിരെ രാജ്യ വ്യാപകമായ തരത്തിൽ ഉപയോഗിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ആരംഭം
ചരിത്രപ്രധാനമായ ദണ്ഡി ഉപ്പുസത്യാഗ്രഹം സംഘടിപ്പിച്ചുകൊണ്ട് 1930 മാർച്ച് 12 ന് ഗാന്ധി സിവിൽ നിയമലംഘന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഗവൺമെന്റ് അടിച്ചേൽപ്പിച്ച ഉപ്പ് നിയമം ലംഘിക്കുകയായിരുന്നു അദ്ദേഹം. 78 ആശ്രമവാസികൾക്കൊപ്പം സബർമതി ആശ്രമത്തിൽ നിന്ന് അറേബ്യൻ കടൽതീരത്തെ ദണ്ഡിയിലേക്ക് ഗാന്ധി മാർച്ച് നടത്തി. സമുദ്രതീരത്ത് നിന്ന് ഒരുപിടി ഉപ്പുവാരിയെടുത്ത് കൊണ്ട് ഗാന്ധി 78 സത്യാഗ്രഹികൾക്കൊപ്പം 1930 ഏപ്രിൽ 6 ന് ഉപ്പ് നിയമം ലംഘിച്ചു. കടപ്പുറത്ത് അവർ ഉപ്പ് കുറുക്കി.
ദണ്ഡി ഉപ്പുസത്യാഗ്രഹത്തിന് രാജ്യം ഒട്ടാകെ വലിയ സ്വാധീനം ചെലുത്താൻ ആയി. ദേശീയ വാദത്തിന്റെ അനന്യമായ ഒരാവേശം രാജ്യത്തിന്റെ മുക്കിലും മൂലയിലും പടർന്നു. ഉപ്പു നിയമങ്ങളുടെ ലംഘനം വൈകാതെ ഒരു അഖിലേന്ത്യ സ്വഭാവം ആർജ്ജിച്ചു. മഹാത്മാഗാന്ധി എന്ന ഒറ്റ മനുഷ്യന്റെ ആഹ്വാനത്തിനു കീഴിൽ രാജ്യം ഒന്നാകെ ഒന്നിച്ചുകൂടി. ബോംബെ, സെൻട്രൽ, യുണൈറ്റഡ് പ്രൊവിൻസുകൾ, ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നെല്ലാം സത്യാഗ്രഹത്തിന്റെ റിപ്പോർട്ടുകൾ വന്നു. വടക്കു പടിഞ്ഞാറൻ അതിർത്തി മേഖലകളിൽ ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് അതിർത്തി ഗാന്ധി എന്ന പേരിൽ പ്രസിദ്ധനായിരുന്ന ഖാൻ അബ്ദുൽ ഗാഫർഖാൻ ആയിരുന്നു. ചുവന്ന ഷർട്ടുകൾ എന്ന പേരിലുള്ള ഒരു സംഘത്തെ അദ്ദേഹം സംഘടിപ്പിച്ചു. അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും ആശയങ്ങൾ അതിർത്തി മേഖലകളിൽ അവർ പ്രചരിപ്പിച്ചു. ഇന്ത്യയുടെ വിദൂര പൗരസ്ത്യ മേഖലയിലെ ജനങ്ങളും ആവേശത്തോടെ ഈ പ്രസ്ഥാനത്തിൽ അണിചേർന്നു. നാഗാലാൻഡിലെ റാണി ഗൈദിലിയു 13 വയസ്സിലാണ് ഗാന്ധിയുടെ ആഹ്വാനത്തോട് പ്രതികരിച്ചത്. അവർ അറസ്റ്റ് ചെയ്യപ്പെടുകയും ദീർഘ വർഷങ്ങളിലെ തടവിന് വിധിക്കപ്പെടുകയും ചെയ്തു. സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ ഉപ്പു നിയമങ്ങളുടെ ലംഘനത്തിന് പുറമേ വിദേശ വസ്തുക്കളും മദ്യവും വിൽക്കുന്ന കടകളുടെ ഉപരോധം, നികുതി നിഷേധം, വിദേശ വസ്ത്രങ്ങളുടെ കത്തിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഓഫീസുകളുടെ ബഹിഷ്കരണം, വിദ്യാർത്ഥികളുടെ വിദ്യാലയ ബഹിഷ്കരണംഎന്നിവയും ഉണ്ടായിരുന്നു. സ്ത്രീകളും ബ്രിട്ടീഷുകാർക്ക് എതിരായ സമരത്തിന് ശക്തി പകർന്നു. യാഥാസ്ഥിതിക കുടുംബങ്ങളിൽ നിന്നുള്ളവരും മഹാത്മായുടെ ആഹ്വാനത്തോട് പ്രതികരിക്കാൻ മടിച്ചു നിന്നില്ല. ഉപരോധ സമരങ്ങളിൽ അവർ സജീവമായി പങ്കെടുത്തു. മുന്നേറ്റത്തിന്റെ ജനപ്രീതി അനുദിനം വർദ്ധിക്കുന്നതിൽ ഭയചകിതരായ ബ്രിട്ടീഷ് ഭരണകൂടം മഹാത്മാഗാന്ധിയെയും ജവർലാൽ നെഹ്റുവിനെയും ജയിലിൽ അടച്ചു. ഇപ്രകാരം, സ്വരാജ് നേടുന്നതിനുള്ള കോൺഗ്രസിന്റെ രണ്ടാമത്തെ പ്രക്ഷോഭം, ബ്രിട്ടീഷുകാർക്കെതിരെ ബഹുജനങ്ങളെ പ്രക്ഷോഭസന്നദ്ധരാക്കുക എന്ന നിർണായക ലക്ഷ്യം മഹാത്മായുടെ മാർഗ്ഗ നിർദ്ദേശത്തിനു കീഴിൽ നേടിയെടുത്തു.
റഫറൻസ് : ആധുനിക ഇന്ത്യൻ ചരിത്രം
No comments:
Post a Comment