Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 20

 

20. ഗാന്ധിയുടെ മതധാരണകൾ

അഞ്ചൽ ഹാഷ്മി

ഹൈന്ദവ കുടുബത്തിൽ ജനിച്ച ഗാന്ധി ജീവിതകാലം മുഴുവൻ ഹൈന്ദവനായി ജീവിച്ചു. അദ്ദേഹത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽനിന്നെടുത്തതാണ്. അതേസമയം എല്ലാ മതങ്ങളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു.

മറ്റ് വിശ്വാസങ്ങളിലേക്ക് തന്നെ മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും ഗാന്ധി തിരസ്കരിച്ചു. മതജിജ്ഞാസുവായിരുന്ന ഗാന്ധി ലോകത്തിലെ എല്ലാ പ്രധാന മതങ്ങളേക്കുറിച്ചും ഗാഢമായി പഠിച്ചിരുന്നു. അദ്ദേഹം ഹൈന്ദവതയേക്കുറിച്ച് ഇങ്ങനെ

പറഞ്ഞു:

"എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂർണമായും തൃപ്തിപ്പെടുത്തുന്നു... സംശയങ്ങൾ എന്നെ വേട്ടയാടുമ്പോൾ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോൾ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുമ്പോൾ ഞാൻ ഭഗവദ്ഗീതയിലേക്ക് തിരിയും. അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങൾ എന്റെജീവിതത്തിൽ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്".

ഗാന്ധി ഗുജറാത്തിയിൽ ഭഗവദ്ഗീതയുടെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മഹാദേവദേശായി അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും അതിന് ഒരു ആമുഖം എഴുതിച്ചേർക്കുകയും ചെയ്തു. ഗാന്ധിയുടെ ഒരു മുഖവരയോടെ 1946ൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു.

എല്ലാ മതങ്ങളുടേയും അന്തഃസ്രേത്ത സത്യവും സ്നേഹവും (അനുകമ്പ, അഹിംസ, സുവർണ നിയമം) ആണെന്ന് ഗാന്ധി വിശ്വസിച്ചു. മതങ്ങളിൽ ഒളിഞ്ഞിരിക്കാവുന്ന കാപട്യത്തേയും അസ്സാന്മാർഗികത്വത്തേയും സ്വമതശാഠ്യത്തേയും അദ്ദേഹം എതിർത്തു. വിശ്രമമില്ലാതെ പ്രവർത്തിച്ച

ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു ഗാന്ധി ഇതര മതങ്ങളേക്കുറിച്ച് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ:

"എനിക്ക് ക്രിസ്തുമതത്തെ കുറ്റമില്ലാത്തതും ലോകത്തെ ഏറ്റവും മഹത്തായ മതമായും കാണാൻ സാധിക്കുന്നില്ലെങ്കിൽ ഹിന്ദുമതത്തേയും ഞാൻ അങ്ങനെ കാണുകയില്ല. ഹിന്ദുമതത്തിലെ കുറവുകൾ എനിക്കറിയാം. തൊട്ടുകൂടായ്മ അതിന്റെ ഭാഗമാണെങ്കിൽ അത് ഹൈന്ദവതയുടെ ദുഷിച്ച്, അമിത വളർച്ചപ്രാപിച്ച ഒരു ഭാഗമാണ്. വേദങ്ങൾഈശ്വരപ്രേരിതമായി എഴുതപ്പെട്ടതാണ് എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? അവ ഈശ്വരപ്രേരിതമാണെങ്കിൽ എന്തുകൊണ്ട് ബൈബിളും ഖുറാനും അങ്ങനെ ആയിക്കൂട? എന്റെ ക്രിസ്ത്യൻ സുഹൃത്തുക്കളും മുസ്ലീം സുഹൃത്തുക്കളും എന്നെ അവരുടെ മതങ്ങളിൽ വിശ്വാസിക്കുന്നവനാക്കാൻ ഒരുപോലെ ശ്രമിച്ചിട്ടുണ്ട്. അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇസ്ലാമിന്റെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം എപ്പോഴും

സംസാരിക്കുമായിരുന്നു" (ഗാന്ധിയുടെ ആത്മകഥയിൽ നിന്ന്).

"മുഹമ്മദിന്റെ വാക്കുകൾ ജ്ഞാനത്തിന്റെ നിധികളാണ്; മുസ്ലീങ്ങൾക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും" - അദ്ദേഹം പറഞ്ഞു.

ഒരിക്കൽ അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു:

"അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലീമും യഹൂദനുമാണ്".

"മനുഷ്യന്റെ അന്തസ്സത്ത ദിവ്യമായ ഒന്നാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും അത് സാക്ഷാത്കരിക്കുകയാണ്

ജീവിതത്തിന്റെ പരമലക്ഷ്യം. മതവും സദാചാരവും

സാമൂഹ്യനീതിയും അർഥശാസ്ത്രവും എല്ലാം തന്നെ

തത്ത്വത്തിലും പ്രയോഗത്തിലും, ഈ അത്യന്തികലക്ഷ്യമായ

ആത്മാവിഷ്കാരത്തിന് ഇണങ്ങുന്നതും അതിനെ സഹായിക്കുന്നതുമാവണം". ഗാന്ധിയൻ ദർശനത്തിന്റെ പൊരുൾ ഇതാണ്.ഹിന്ദുമതത്തിന്റെ കണ്ണാടി

മറ്റുമതങ്ങളെ അദ്ദേഹം എപ്പോഴും ഹിന്ദുമതത്തിന്റെ കണ്ണാടിയിലൂടെയാണ് കണ്ടത്. 1927-ൽ ശ്രീലങ്ക സന്ദർശിച്ച അവസരത്തിൽ കൊളംബോയിലെ ബുദ്ധമതാനുയായികൾ നൽകിയ ഒരു സ്വീകരണത്തിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞത്, ഇന്ന് ബുദ്ധമതവിശ്വാസത്തിന്റെ ഭാഗമായി കരുതപ്പെടുന്നവയിൽ ഹിന്ദുമതം

സ്വാംശീകരിച്ചിട്ടില്ലാത്തതൊന്നും ബുദ്ധന്റെ ജീവിതത്തിന്റേയോ പഠനങ്ങളുടേയോ ഭാഗമായിരുന്നില്ല

എന്നാണ്.

ഇന്ത്യൻഗവൺമെന്റും മതവും രാഷ്ട്രീയവും

ഇന്ത്യൻഗവൺമെന്റും മതവും രാഷ്ട്രീയവും1943 ജൂലൈ 15നു ബ്രിട്ടീഷ് ഇന്ത്യയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് എഴുതിയ കത്തിൽ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗാന്ധി ഇങ്ങനെ എഴുതി: “മതം തീർത്തും വ്യക്തിപരമായ കാര്യമാണ്. അതിന് രാഷ്ട്രീയത്തിൽ ഒരു സ്ഥാനവും ഉണ്ടാകരുത്. വിദേശാധിപത്യം എന്ന അസ്വാഭാവികസ്ഥിതിമൂലമാണ് മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെടുന്ന അസ്വാഭാവികസ്ഥിതി നമുക്കുണ്ടായത്.”

1920കൾ മുതൽ ഇന്ത്യയിലെ ദേശീയരാഷ്ട്രീയവുമായുള്ള നിരന്തരമായ അഭിമുഖീകരണമാണ് ഗാന്ധിയെ ഈ നിലപാടിലേക്ക് കൊണ്ടുവന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ എക്കാലത്തെയും നിലപാട് ഇതായിരുന്നില്ല. നമ്മുടെ വലിയ ചിന്തകരിലൊരാൾ എഴുതിയതുപോലെ, ജീവിതത്തിന്റെ മുഖത്തുനോക്കി കാണുന്ന സത്യം വിളിച്ചുപറയാനാണ് ഗാന്ധിജി ശ്രമിച്ചത്. അതുകൊണ്ട് അദ്ദേഹം പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരുന്നില്ല.

മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികം കടന്നുപോകുകയാണ്. ഗാന്ധിയെ കൊലചെയ്ത ഒരു പ്രത്യയശാസ്ത്രത്തിന്റെ രാജ്യഭരണത്തിന്റെ സന്ദർഭത്തിലാണ് ഈ വാർഷികസ്മരണയിലൂടെ ഇന്ത്യ കടന്നുപോകുന്നത്. ഗാന്ധിയുടെ വഴിയിലൂടെയാണ് തങ്ങൾ സഞ്ചരിക്കുന്നതെന്ന് ഭരണാധിപന്മാർ പലയിടത്തും ആവർത്തിക്കുന്നു. രക്തസ്നാതമായ ഒരു ഭരണപാരമ്പര്യത്തെയും സമഗ്രാധിപത്യത്തിലേക്ക് നീങ്ങുന്ന ഭരണക്രമത്തെയും ഗാന്ധിജിയുടെ ഓർമകൾകൊണ്ട് പൊതിയാനുള്ള ശ്രമം ആസൂത്രിതമായി അരങ്ങേറുന്നു.

രാമരാജ്യം’ എന്ന ഗാന്ധിയുടെ ആശയമാണ് ഇതിനുള്ള ഏറ്റവും വലിയ ന്യായീകരണമായി ഉപയോഗിക്കപ്പെടുന്നത്. ഹിന്ദുത്വപ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന മതരാഷ്ട്രവാദത്തിന്റെ ഉള്ളടക്കം തന്നെയാണ് അതിലുള്ളതെന്ന് വർഗീയഫാസിസ്റ്റുകൾ ആവർത്തിക്കുന്നു. രാഷ്ട്രപിതാവിന്റെ സ്വപ്നസാക്ഷാൽക്കാരത്തിന്റെ വഴിയിലൂടെയാണ് തങ്ങൾ സഞ്ചരിക്കുന്നതെന്ന്, അദ്ദേഹത്തെ കൊലചെയ്ത പാരമ്പര്യംതന്നെ പ്രഘോഷിക്കുന്നു!






No comments:

Post a Comment

MIKAV 06