32. ഗാന്ധിയും കേരളവും
അഞ്ജലി സി
മനുഷ്യൻ ആരാണെന്നും എന്താണെന്നും എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്നും സർവജീവജാലങ്ങളുമായി എങ്ങനെ സഹവർത്തിത്വം പുലർത്തണമെന്നും വെറും വാക്കിലൂടെയല്ലാതെ സ്വന്തം പ്രവൃത്തിയിലൂടെ നമ്മെ പഠിപ്പിച്ച മഹാത്മാവാണ് ഗാന്ധിജി. ചെയ്തു തീർക്കാൻ പിന്നെയും പലതും ബാക്കി വെച്ചാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്. ഏറെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അഞ്ചു തവണ മഹാത്മാജി കേരളത്തിൽ എത്തി എന്നത് അഭിമാനിക്കാവുന്നതാണ്.
അഞ്ചു പ്രാവശ്യമാണ് ഗാന്ധിജി തിരുവിതാംകൂർ, കൊച്ചി മലബാർ എന്നിവയുൾപ്പെട്ട കേരളം സന്ദർശിച്ചത്. ഇതിൽ ചില സന്ദർശനം മലബാറിലും മറ്റു ചിലത് തിരുവിതാംകൂർ, കൊച്ചി പ്രദേശത്തും മാത്രമായിരുന്നു. സത്യാന്വേഷണ പരീഷണങ്ങളിലൂടെ ലോകത്തിന് പുതിയ ദർശനം നൽകിയ ഗാന്ധിജിക്ക് കേരളം പലപ്പോഴും ഒരു പരീക്ഷണശാലയായിരുന്നു. 1920 ആഗസ്റ്റ് 18 നാണ് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്. ആദ്യ സന്ദർശനം കോഴിക്കോട്ടായിരുന്നു. ബ്രിട്ടീഷ് സർക്കാരിനെതിരെ നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയ കാലം. തുർക്കി സുൽത്താനെതിരെ ബ്രട്ടീഷുകാർ നടത്തിയ വാഗ്ദാനലംഘനത്തിൽ പ്രതിഷേധിച്ച് ഇന്ത്യയിലെങ്ങും നുരഞ്ഞുപൊങ്ങിയ ‘ഖിലാഫത്ത് സമരത്തിന് ഗാന്ധിജി പിൻതുണ നൽകി. ഇതിന്റെ പ്രചരണാർഥമായാണ് ഗാന്ധിജി ആദ്യമായി കോഴിക്കോട്ടെത്തിയത്.
ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അന്നു വൈകുന്നേരം കോഴിക്കോട്ട് കടപ്പുറത്തു നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചതിനുശേഷം പിറ്റേദിവസം അദ്ദേഹം മംഗലാപുരത്തേക്കു പോയി. ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ ആ സന്ദർശനം പ്രയോജനപ്പെട്ടു. എന്നാൽ ഹിന്ദു-മുസ്ലിം ഐക്യത്തിൽ വിള്ളലുകൾ വീഴ്ത്തിയ മലബാർ കലാപം ഗാന്ധിജിയെ ദുഃഖിപ്പിച്ചു. ആ കലാപത്തിന്റെ ഉത്തരവാദിത്വം ചില പത്രങ്ങളും ബ്രിട്ടീഷ് ഉദ്യോഗസ്ഥരും കോൺഗ്രസിലും ഗാന്ധിജിയിലും ചുമത്തിയപ്പോൾ അദ്ദേഹം ഉള്ളുകൊണ്ട് കരയുകയായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം എത്ര പ്രണിതമായിരുന്നു വെന്നു തുറന്നുകാട്ടുന്നതാണ് അന്നത്തെ പ്രസ്താവനകളും കത്തുകളും. മലബാറിൽ സമാധാനം സ്ഥാപിക്കാൻ വെമ്പൽ കൊണ്ട് അവിടേക്കു തീവണ്ടി കയറിയ ഗാന്ധിജിയെ വാൾട്ടയർ സ്റ്റേഷനിൽ വച്ച് സർക്കാർ തടയുകയും യാത്രാനുമതി നിഷേധിക്കുകയും ചെയ്തു. ഈ സംഭവ ത്തിനു ശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അദ്ദേഹം അർധ നഗ്നനായ ഫക്കീറായി മാറുന്നത്.
ഹിന്ദുമതത്തിന്റെ തീരാക്കളങ്കം അയിത്തമാണെന്ന് ഗാന്ധിജിക്കറിയാമായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹം ആരംഭിക്കുന്നതിന് ഗാന്ധിജി എല്ലാ പിൻതുണയും നൽകി. അയിത്തത്തി നെതിരെ ഹിന്ദുക്കളുടെ മനസ്സറിയാനുള്ള ഒരു വേദിയായിട്ടാണ് ഗാന്ധിജി ഈ സമരത്തെ കണ്ടത്. അതുകൊണ്ടുതന്നെയാണ് ഹിന്ദുക്കൾ മാത്രമായി ഈ സമരം നടത്തണമെന്ന് ഗാന്ധിജി ആഗ്രഹിച്ചതും. സത്യഗ്രഹം തുടങ്ങുന്നതിനുമുമ്പുതന്നെ കോൺഗ്രസ് നേതാവ് കെ.പി. കേശവമേനോന് നിർദേശങ്ങൾ നൽകിയിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ഒരോ ഘട്ടവും അതീവ ശ്രദ്ധയോടെയാണ് അദ്ദേഹം വീക്ഷിച്ചത്.
വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ചാണ് 1925 മാർച്ച് 8 ന് അദ്ദേഹം രണ്ടാമതും കേരളം സന്ദർശിച്ചത്. എറണാകുളം വഴി വൈക്കത്ത് എത്തിച്ചേർന്ന ഗാന്ധിജി ശ്രീനാരായണഗുരു, അന്നത്തെ തിരുവിതാംകൂർ ഭരണാധികാരി റീജന്റ് മഹാറാണി സേതുലക്ഷ്മീഭായി, ബാലനായ രാജാവ് ശ്രീചിത്തിര തിരുനാൾ, അമ്മ മഹാറാണി, കൊച്ചിയിലെ മുൻ മഹാരാജാവ് എന്നിവരെ സന്ദർശിച്ചതിനുശേഷം പാലക്കാട് വഴി മാർച്ച് 19 ന് അദ്ദേഹം മടങ്ങി.
ഗാന്ധിജിയുടെ മൂന്നാമത്തെ സന്ദർശനം 1927 ഒക്ടോബർ 9 നായിരുന്നു. നാഗർകോവിൽ വഴി തിരുവനന്തപുരത്തെത്തിയ അദ്ദേഹം കൊല്ലം, ആലപ്പുഴ, കൊച്ചി, ഒല്ലൂർ, തൃശൂർ, പാലക്കാട്, തളിപ്പറമ്പ് വഴി കോഴിക്കോട്ടെത്തി. അവിടെ നിന്നും ഒക്ടോബർ 25 ന് തിരിച്ചുപോയി. ഉത്തര മലബാറുകാരുടെ ആഗ്രഹത്തെ മാനിച്ച് 1934 ജനുവരി 10 ന് കേരളത്തി ലെത്തി. ഹരിജനഫണ്ട് പിരിക്കാനായിരുന്നു നാലാമത്തെ ഈ വരവ്. ഒലവക്കോട് വഴി ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, ഗുരുവായൂർ, പട്ടാമ്പി, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കൽപ്പറ്റ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങൾ സന്ദർശിച്ചതിനുശേഷം ജനുവരി 22 ന് തിരിച്ചുപോയി.
ഈ സന്ദർശനത്തിനിടയിലാണ് വടകരയിൽ വച്ച് പ്രശസ്ത സ്വാതന്ത്യ്രസമര സേനാനിയായി മാറിയ കൗമുദി തന്റെ ആഭരണങ്ങ ളെല്ലാം ഗാന്ധിജിക്കു നൽകിയത്. “നീ കൈവിട്ടുകളഞ്ഞ ആഭരണങ്ങളെക്കാൾ എത്രയോ മികച്ച ഒരു ആഭരണമാണ് നിന്റെ ഈ ത്യാഗം’. ഗാന്ധിജി പിന്നീട് ഇതേപ്പറ്റി ഹരിജൻ പത്രത്തിലെഴുതി. “മാതൃഭൂമി’ ഓഫീസിലെത്തി മാനേജിങ് ഡയറക്ടറും കോൺഗ്രസ് നേതാവുമായിരുന്ന കെ. മാധവൻ നായരുടെ ചിത്രം അനാച്ഛാദനം ചെയ്തതും ഈ അവസരത്തിലായിരുന്നു.
തിരുവിതാംകൂറിൽ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് എല്ലാ ക്ഷേത്രങ്ങളും സമസ്ത ഹിന്ദുക്കൾക്കും തുറന്നുകൊടുത്തുകൊണ്ട് 1936 നവംബർ 12 ന് ക്ഷേത്രപ്രവേശനവിളംബരം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് 1937 ജനുവരി 12 ന് ഗാന്ധിജി തിരുവിതാംകൂർ സന്ദർശിച്ചു. ആ മാസം 21 ന് കൊട്ടാരക്കര വഴി അദ്ദേഹം തിരിച്ചുപോയി. ഇതായിരുന്നു അദ്ദേഹ ത്തിന്റെ അഞ്ചാമത്തെയും അവസാനത്തേതുമായ കേരളസന്ദർശനം.
മഹാത്മാഗാന്ധിയുടെ കേരളസന്ദർശനം ഒറ്റനോട്ടത്തിൽ
മഹാത്മാഗാന്ധി അഞ്ചു പ്രാവശ്യമാണ് കേരളം സന്ദർശിച്ചത്. 1920 (ഒരു ദിവസം) 1925 (12 ദിവസം) 1927 (8 ദിവസം) 1934 (13 ദിവസം) 1937 (9 ദിവസം) എന്നിങ്ങനെ 43 ദിവസങ്ങളാണ് കേരളത്തിൽ ചെലവഴിച്ചത്.
ആഗസ്റ്റ് 18 ന് കോഴിക്കോട്ട്,
1920
ആഗസ്റ്റ് 19 ന് മംഗലാപുരത്തിനു പോയി.
മാർച്ച് 8
1925
എറണാകുളത്തും കൊച്ചിയിലും മുനിസിപ്പൽ കൗൺസിലുകളുടെ സ്വീകരണങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുത്തു.
മാർച്ച് 9
കൊച്ചിയിൽ.
മാർച്ച് 10
വൈക്കത്ത് പൗരസ്വീകരണം.
പൊതുജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും
വൈ.എം.സി.എ. സെക്രട്ടറിയുമായി അഭിമുഖസംഭാഷണം.
യാഥാസ്ഥിതികരുമായി കൂടിക്കാഴ്ച.
പൊതുസമ്മേളനം.
മാർച്ച് 11
ആശ്രമത്തിലെ അന്തേവാസികളെ അഭിസംബോധന ചെയ്തു.
ആലപ്പുഴ മുനിസിപ്പൽ കൗൺസിലിനുവേണ്ടി ഡോ. പി.കെ. പണിക്കർ സ്വീകരിച്ചു.
മാർച്ച് 12
കൊല്ലത്ത് വിശ്രമം.
വർക്കലയിൽ തിരുവിതാംകൂർ മഹാറാണിയെ സന്ദർശിച്ചു. ശിവഗിരിമഠത്തിൽ വിശ്രമിച്ചു.
മാർച്ച് 13
ശിവഗിരിമഠത്തിൽ സ്വീകരണം.
തിരുവനന്തപുരത്ത് എത്തിച്ചേർന്നു. സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ താമസം. തിരുവിതാംകൂർ മഹാരാജാവിനെയും മഹാറാണിയെയും ദിവാൻജി യെയും സന്ദർശിച്ചു.
ഫോർട്ട് ഹൈസ്കൂൾ, ഗേൾസ് സ്കൂൾ, സയൻസ് കോളേജ്, ലോ കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം.
മാർച്ച് 14
ബാലരാമപുരം പുലയ സ്കൂൾ സന്ദർശിച്ചു.
നെയ്യാറ്റിൻകര, കളിയിക്കാവിള, കുഴിത്തുറ, തക്കല വഴി കന്യാകുമാരി യിലേക്കു പോയി.
കടൽകടന്നു സഞ്ചരിച്ചു എന്ന കാരണത്താൽ ക്ഷേത്രപ്രവേശനം നിഷേധിച്ചു.
നാഗർകോവിൽ കോട്ട് ക്രിസ്ത്യൻ കോളേജിൽ സ്വീകരണം. മാർച്ച് 15
തിരുവനന്തപുരത്ത് മടങ്ങിയെത്തി.
കഴക്കൂട്ടം, കുണ്ടറ, കൊട്ടാരക്കര, അടൂർ, പന്തളം വഴി ചെങ്ങന്നൂരെത്തി. മുനിസിപ്പാലിറ്റിയുടെ സ്വീകരണം.
തിരുവല്ല വഴി ചങ്ങനാശ്ശേരിയിലെത്തി.
മുനിസിപ്പാലിറ്റിയുടെ സ്വീകരണം.
കോട്ടയത്ത് സ്വീകരണവും പൊതുയോഗവും.
ബിഷപ്പിനെ സന്ദർശിച്ചു. ആനന്ദാശ്രമം സന്ദർശിച്ചു.
വൈക്കത്ത് വിശ്രമിച്ചു.
മാർച്ച് 16
വൈക്കത്ത് താമസം.
മാർച്ച് 17
സത്യാഗ്രഹാശ്രമത്തിൽ പുലയ മഹാസഭയിൽ പങ്കെടുത്തു. സവർണ നേതാവായ ഇണ്ടൻ തുരുത്തി നമ്പൂതിരിയുമായി കൂടിക്കാഴ്ച. പൊലീസ് കമ്മിഷണർ പിറ്റ് ഗാന്ധിജിയെ സന്ദർശിച്ചു.
വള്ളത്തോൾ സാഹിത്യമഞ്ജരി ഗാന്ധിജിക്കു സമർപ്പിച്ചു.
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് സന്ദർശിച്ചു. പറവൂർ മുനിസിപ്പാലിറ്റിയുടെ സ്വീകരണം. അദ്വൈതാശ്രമം സന്ദർശിച്ചു. തൃശൂരെത്തി മുൻ മഹാരാജാവിനെ സന്ദർശിച്ചു.
വിവേകോദയംഹൈസ്കൂൾ സന്ദർശനവും തേക്കിൻകാട് മൈതാനിയിൽ പൊതുയോഗവും. നഗരാതിർത്തിയിൽ പുലയരുടെ സ്വീകരണവും
മാർച്ച് 19
പാലക്കാട്ട് റെയിൽവേ തൊഴിലാളികളുടെ സ്വീകരണം.
ഒക്ടോബർ 9
1927
നാഗർകോവിൽ വഴി തിരുവനന്തപുരത്ത് എത്തി.
റിജന്റ് മഹാറാണിയെ സന്ദർശിച്ചു. വി.ജെ.റ്റി ഹാളിൽ മഹിളാ സമ്മേളനം. പ്രവേശനം ടിക്കറ്റുവച്ച് നടത്തിയതിനെ ഗാന്ധിജി വിമർശിച്ചു.
പുത്തൻ കച്ചേരി മൈതാനത്ത് പൊതുയോഗം.
ഒക്ടോബർ 10
തിരുവനന്തപുരത്ത് താമസം.
ഒക്ടോബർ 11
കൊല്ലത്ത് പൊതുയോഗം.
ഒക്ടോബർ 12
കരുവാറ്റ ഇഗ്ലീഷ് ഹൈസ്കൂൾ സന്ദർശിച്ചു. ഹരിപ്പാട് വഴി
ആലപ്പുഴയിലെത്തി.
നൗറോജി നാരായൺ വാലായുടെ വസതിയിൽ വിശ്രമിച്ചു. പൊതുയോഗവും സ്വീകരണവും.
കൊച്ചിയിലെത്തി. സ്റ്റേറ്റ് അതിഥിമന്ദിരത്തിൽ താമസിച്ചു.
ദിവാൻ റ്റി.എസ്. നാരായണയ്യരും വി.കെ. പാറുക്കുട്ടി നേത്യാരമ്മയും ഗാന്ധിജിയെ സന്ദർശിച്ചു. എറണാകുളത്ത് ജദാവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം.
ഗുജറാത്തികളെ അഭിസംബോധന ചെയ്തു. ജയറാം സേട്ടിന്റെ സ്വീകരണം. ഹരിചന്ദ് മാനന്ദിന്റെ വസതിയിൽ ലഘുഭക്ഷണം. പൊതുയോഗം.
ഒക്ടോബർ 14
ഒല്ലൂർ വഴി തൃശൂർ. സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ താമസം.
ഒക്ടോബർ 15
സ്കൂളുകൾ സന്ദർശിച്ചു. തേക്കിൻകാട് മൈതാനത്ത് പൊതുയോഗം. പാലക്കാട് ശബരി ആശ്രമം സന്ദർശിച്ചു. പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോയി.
വീണ്ടും 25 ന് കേരളത്തിൽ.
ഒക്ടോബർ 25
ഒറ്റപ്പാലം, ഷൊർണ്ണൂർ, വള്ളുവനാട്, തളിപ്പറമ്പു വഴി കോഴിക്കോട്. ശ്യാംജി സുന്ദറിന്റെ വസതിയിൽ താമസം. മുനിസിപ്പാലിറ്റിയുടെയും മറ്റ് സംഘടനകളുടെയും സ്വീകരണം. ഹരിജനങ്ങളെ അഭിസംബോധന ചെയ്തു.
1934
ജനുവരി 10
ഒലവക്കോട് ശബരി ആശ്രമം സന്ദർശിച്ചു.
പാലക്കാട്, ചിറ്റൂർ, കൊടുവായൂർ, തെങ്കുറിശി, നെച്ചുള്ളി, കരിമ്പുഴ, ചെർപ്പുളശേരി, ഒറ്റപ്പാലം വഴി ഗുരുവായൂർ,
ജനുവരി 11
ഗുരുവായൂർ പൊതുയോഗം. കുന്നംകുളത്തും പട്ടാമ്പിയിലും പൊതുയോഗങ്ങൾ,
ജനുവരി 12
പയ്യന്നൂർ വഴി കണ്ണൂർ, തലശേരി.
ജനുവരി 13
തലശേരി, മാഹി, വടകര, പാക്കനാർ പുരം വഴി കൊയിലാണ്ടി. കോഴിക്കോട് ടൗൺഹാളിൽ പൊതുയോഗം. മാതൃഭൂമിയിൽ മാധവൻ നായരുടെ ഫോട്ടോ അനാച്ഛാദനം.
ജനുവരി 14
കൽപ്പറ്റ, കോഴിക്കോട് മലബാർ മർച്ചന്റ്സ് അസോസിയേഷന്റെ മുനിസിപ്പാലിറ്റിയുടെ സ്വീകരണം. കടപ്പുറത്ത്
യോഗം. പൊതുയോഗം.
ജനുവരി 15
കോഴിക്കോട്ട്.
ജനുവരി 16
അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം മുതലായവ സംബന്ധിച്ച് സാമൂതിരിയുമായി ചർച്ച.
തൃശൂർ എത്തി. രാമകൃഷ്ണ ഗുരുകുലക്ഷേത്രത്തിൽ താമസം.
ജനുവരി 17
ഹരിജനഗ്രാമങ്ങൾ സന്ദർശിച്ചു. മുനിസിപ്പാലിറ്റിയുടെ സ്വീകരണം. പെരുവാനത്തും കൂർക്കഞ്ചേരിയിലും ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും സന്ദർശനം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ പ്രസംഗം.
എറണാകുളത്തെ റ്റാറ്റാ ഓയിൽ മില്ലിൽ താമസം.
ജനുവരി 18
തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, പള്ളുരുത്തി, തുറവൂർ, ആലപ്പുഴ, നെടുമുടി എന്നിവിടങ്ങളിൽ സന്ദർശനം.
ജനുവരി 19
കോട്ടയത്ത് സ്വീകരണവും പൊതുയോഗവും. ചങ്ങനാശ്ശേരിയിൽ ആനന്ദാശ്രമം ഉദ്ഘാടനം. അടൂർ, പന്മന എന്നിവിടങ്ങളിൽ സന്ദർശനം.
ജനുവരി 20
പന്മനയിലും കൊല്ലത്തും ശിവഗിരിയിലുമുള്ള ഹരിജൻ കോളനികൾ സന്ദർശിച്ചു. വർക്കലയിൽ ശ്രീനാരായാണഗുരു ആശ്രമം സന്ദർശിച്ചു. ജനുവരി 20
തിരുവനന്തപുരത്ത് പൊതുയോഗം. ജനുവരി 21
തിരുവനന്തപുരം ഹരിജൻ ഹോസ്റ്റൽ സന്ദർശിച്ചു. മഹിളാ സമ്മേളത്തിൽ പ്രസംഗിച്ചു. പാപ്പനംകോട് വഴി നെയ്യാറ്റിൻകര അമരവിള ക്രിസ്ത്യൻ ഹരിജന സമ്മേളനം. കുഴിത്തുറ, തക്കല വഴി നാഗർകോവിൽ. ഹരിജൻ പ്രദേശങ്ങൾ സന്ദർശിച്ചു. മുനിസിപ്പാലിറ്റിയുടെ സ്വീകരണം.
1937
ജനുവരി 12
തിരുവനന്തപുരം മുനിസിപ്പാലിറ്റിയുടെ സ്വീകരണം. ജനുവരി 13
ഹിന്ദി ബിരുദദാന സമ്മേളത്തിൽ പ്രസംഗം. പത്മനാഭസ്വമി ക്ഷേത്രം സന്ദർശിച്ചു. ഹരിജൻ ഹോസ്റ്റൽ സന്ദർശിച്ചു. പൊതുയോഗത്തിൽ പ്രസംഗിച്ചു.
ജനുവരി 14
തിരുവനന്തപുരം, നെയ്യാറ്റിൻകര, വെങ്ങാനൂരിൽ അയ്യൻകാളിയു മായി കൂടിക്കാഴ്ച. തുടർന്ന് തക്കല, തിരുവട്ടാർ. നാഗർകോവിലിൽ പൊതുയോഗം. കന്യാകുമാരിയിൽ വിശ്രമം.
ജനുവരി 16
തിരുവനന്തപുരം, വർക്കല ശിവഗിരിമഠത്തിൽ സമ്മേളനം. പാരിപ്പള്ളി വഴി കൊല്ലം. സ്വീകരണവും പൊതുയോഗവും.
ജനുവരി 17
തട്ടാരമ്പലവും, ഹരിപ്പാടും.
ജനുവരി 18
തകഴിയും ചേർത്തലയും വഴി വൈക്കം. സ്വീകരണവും പൊതുയോ
ഗവും.
ജനുവരി 19
ഏറ്റുമാനൂർ, കുമാരനല്ലൂർ, തിരുവാർപ്പു വഴി കോട്ടയം. മിഷനറികളുമായി
സംഭാഷണം,
മഹിളാസമ്മേളനവും പൊതുസമ്മേളനവും.
ജനുവരി 20
ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, ആറന്മുള, പന്തളം.
ജനുവരി 21
കൊട്ടാരക്കര വഴി മദ്രാസിലേക്കു പോയി.
REFERENCE
ശ്രേയസ് ഡിജിറ്റൽ ലൈബ്രറി പബ്ലിഷ് ചെയ്ത ‘”കേരളക്കരയിലൂടെ ഗാന്ധി”
No comments:
Post a Comment