Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 29

 

29. ഗാന്ധി -വിദ്യാഭ്യാസം തൊഴിൽ എന്നിവയെ കുറിച്ച് ആലോചിച്ചത്

കാർത്തിക്

ഗാന്ധിജി ആവിഷ്കരിച്ച ദേശീയവിദ്യാഭ്യാസ പദ്ധതി അടിസ്ഥാനവിദ്യാഭ്യാസപദ്ധതി എന്ന പേരിൽ അറിയപ്പെടുന്നു. ഇത് വാർധാപദ്ധതി, ബേസിക് എഡ്യൂക്കേഷൻ (Basic Education), നയീതാലിം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസം ദേശീയതാത്പര്യത്തിന് അനുഗുണമായിട്ടല്ല സംവിധാനം ചെയ്തിട്ടുള്ളതെന്ന് സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിക്ക് ബോധ്യമായി.

പാശ്ചാത്യ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധിയുടെ മാത്രം വികാസം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ആ സമ്പ്രദായത്തിൽ ഭാരതീയത്വം തീരെ അവഗണിക്കപ്പെട്ടിരുന്നു. തൻമൂലം വിദ്യാഭ്യാസം കൊണ്ടു ലഭിക്കേണ്ടതായ മാനസികവും ശാരീരികവും വൈകാരികവും ആത്മീയവുമായ വികാസം ഭാരതജനതയ്ക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല. അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുന്നതിനു ഗാന്ധിജിയെ പ്രേരിപ്പിച്ച കാരണം ഇതാണ്.

പതിനെട്ടും പത്തൊൻപതും ശതകങ്ങളിൽ പാശ്ചാത്യ വിദ്യാഭ്യാസരംഗത്തുണ്ടായ മനഃശാസ്ത്രപരവും സാമൂഹികവും ആയ ഉണർവും പുരോഗതിയും ഗാന്ധിജിയുടെ ആശയങ്ങളെ സ്വാധീനിച്ചിരുന്നു. ഇന്ത്യയിൽ ടാഗോറിന്റെ വിദ്യാഭ്യാസാദർശങ്ങൾ അദ്ദേഹത്തിന് ശ്രദ്ധേയമായി തോന്നി. കൂടാതെ പെസ്റ്റലോത്സി, ഫ്രോബൽ, റൂസ്സോ, മറിയ മോണ്ടിസ്സോറി, ജോൺ ഡ്യൂയി എന്നിങ്ങനെ പാശ്ചാത്യവിദ്യാഭ്യാസമണ്ഡലത്തിലെ ചിന്തകരുടെയും പ്രയോക്താക്കളുടെയും ആദർശങ്ങളുമായി അദ്ദേഹം പരിചയിച്ചിരുന്നു. ഇവയുടെ സാരാംശം ഗ്രഹിച്ചു ഭാരതത്തിന് അനുയോജ്യമായവിധം അദ്ദേഹം ആസൂത്രണം ചെയ്തതാണ് അടിസ്ഥാനവിദ്യാഭ്യാസം. ഗാന്ധിജിയുടെ ഈ പദ്ധതി വിദ്യാഭ്യാസപരമായ ചിന്തയ്ക്ക് ഇന്ത്യ നല്കിയിട്ടുള്ള ആഗോളശ്രദ്ധേയമായ സംഭാവനയാണ്. താൻ സംവിധാനം ചെയ്യാൻ ആഗ്രഹിച്ച വിദ്യാഭ്യാസപദ്ധതിയുടെ സ്വരൂപസ്വഭാവങ്ങളിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങൾ ഗാന്ധിജി പലപ്പോഴും ഹരിജൻ വാരികയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ശാരീരികവും മാനസികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും സാക്ഷരത എന്നത് വിദ്യാഭ്യാസത്തിനുള്ള ഒരു ഉപകരണം മാത്രമാണെന്നും ജീവിതത്തിന് ഉപകരിക്കുന്ന ഏതെങ്കിലും ഒരു കൈത്തൊഴിൽ പഠിച്ചുകൊണ്ടാണ് വിദ്യ ആരംഭിക്കേണ്ടതെന്നും ആ ലേഖനങ്ങളിൽ അദ്ദേഹം സമർഥിച്ചിരുന്നു. തൊഴിൽ എന്നതുകൊണ്ട് അദ്ദേഹം വിവക്ഷിച്ചത് നൂല്നൂല്പ്, നെയ്ത്ത് ഇത്യാദി ഗ്രാമീണർക്കു പറ്റിയ തൊഴിലുകളായിരുന്നു. ഗ്രാമപുരോഗതിയെ ത്വരിതപ്പെടുത്തി പുതിയ ഒരു സാമൂഹികക്രമത്തിന് അടിത്തറ പാകാൻ അത്തരം വിദ്യാഭ്യാസപദ്ധതിക്കു മാത്രമേ കഴിയൂ എന്ന് അദ്ദേഹം ഖണ്ഡിതമായി പറഞ്ഞു.

1937 ഒക്ടോബർ 22, 23 തീയതികളിൽ വാർധായിൽവച്ച് ഒരു വിദ്യാഭ്യാസ കോൺഫറൻസ് ഗാന്ധിജി വിളിച്ചുകൂട്ടി. ഡോ. സാക്കീർ ഹുസൈൻ, ശ്രീമന്നാരായണൻ, വിനോബാ ഭാവേ, മഹാദേവ് ദേശായി, ബി.ജി.ഖേർ, പണ്ഡിറ്റ് രവിശങ്കർ ശുക്ള, കാക്കാ കാലേല്ക്കർ, കെ.ടി.ഷാ, കിശോരിലാൽ മശ്രുവാലാ തുടങ്ങിയ സമുന്നതരായ വിദ്യാഭ്യാസചിന്തകൻമാർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനം താഴെപറയുന്ന പ്രമേയങ്ങൾ പാസ്സാക്കി.

7 വയസ്സു മുതൽ 14 വയസ്സു വരെ ഏഴു വർഷക്കാലം ദേശീയാടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൌജന്യവും ആയ വിദ്യാഭ്യാസം നല്കണം.

ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം.

വിദ്യാർഥിയുടെ ചുറ്റുപാടുകളുമായി ബന്ധമുള്ളതും ഉത്പാദനക്ഷമവുമായ ഏതെങ്കിലും കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദു ആയിരിക്കണം.

അധ്യാപകരുടെ വേതനത്തിനുകൂടി വക കണ്ടെത്തുന്ന തരത്തിൽ സ്വയംപര്യാപ്തമായിരിക്കണം ഈ സമ്പ്രദായം.

ഈ പ്രമേയത്തിന് പ്രായോഗികരൂപം നല്കുന്നതിന് ഡോ. സാക്കീർ ഹുസൈൻ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയമിച്ചു. ആര്യനായകം (കൺവീനർ), ജെ.സി. കുമരപ്പ, വിനോബാ ഭാവേ, ആശാദേവി, കാക്കാ കാലേല്ക്കർ, കെ.ടി. ഷാ, കെ.ജി. സെയ്യുദ്ദീൻ തുടങ്ങിയവർ ഉൾപ്പെട്ടതായിരുന്നു ഈ കമ്മിറ്റി. സാക്കീർ ഹുസൈൻ കമ്മിറ്റി 1937-ലും 38-ലുമായി രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചു. ആദ്യത്തെ റിപ്പോർട്ട് വാർധാപദ്ധതിയുടെ അടിസ്ഥാനതത്ത്വങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു. അടിസ്ഥാന-കൈത്തൊഴിലിനെ സംബന്ധിച്ച പ്രായോഗിക നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ഹരിപുരി സമ്മേളനം വാർധാ പദ്ധതി അംഗീകരിച്ചു. പദ്ധതി പ്രാവർത്തികമാക്കുന്നതിന് ഹിന്ദുസ്ഥാനി താലീമി (Hindustani Talimi) എന്ന ഒരു അഖിലഭാരതീയ സമിതി രൂപവത്കൃതമായി.

ഖേർ കമ്മിറ്റി. വാർധാപദ്ധതി സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നതിന് ബി.ജി. ഖേർ അധ്യക്ഷനായി വേറൊരു കമ്മിറ്റിയെ കേന്ദ്രവിദ്യാഭ്യാസോപദേശക സമിതി പിന്നീടു നിയമിച്ചു. ഈ കമ്മിറ്റിയുടെ ചില പ്രധാന ശുപാർശകൾ താഴെ പറയുന്നവയാണ്:

ഗ്രാമപ്രദേശങ്ങളിൽ മാത്രം ഈ പദ്ധതി നടപ്പാക്കുക.

അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയ്ക്ക് ജൂനിയർ ബേസിക്, സീനിയർ ബേസിക് എന്നിങ്ങനെ രണ്ടു ഘട്ടം ഉണ്ടായിരിക്കണം. ആറു മുതൽ പതിനൊന്നുവയസ്സു വരെ ജൂനിയർ ഘട്ടം. പതിനൊന്നു മുതൽ പതിനാലുവരെ സീനിയർ ഘട്ടം. അഞ്ചാമത്തെ വയസ്സിൽ കുട്ടികളെ സ്കൂളിൽ ചേർക്കാനുള്ള വ്യവസ്ഥകൾ ഉണ്ടായിരിക്കണം.

ആവശ്യമെന്നു കണ്ടാൽ ജൂനിയർ ഘട്ടത്തിന്റെ അവസാനത്തിൽ കുട്ടികളെ മറ്റുതരം വിദ്യാലയങ്ങളിൽ ചേർത്തു പഠിപ്പിക്കാനുള്ള വ്യവസ്ഥകളും ഉണ്ടാകണം.

രണ്ടു ഘട്ടങ്ങളിലും ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം. സീനിയർ ഘട്ടത്തിൽ ഒരു പൊതുഭാഷ പഠിപ്പിക്കുന്നത് അഭിലഷണീയമാണ്. ഹിന്ദി പഠിപ്പിക്കണം.

പഠിക്കുന്ന സ്ഥാപനത്തിൽ തന്നെ പല ഘട്ടങ്ങളിലായി നടത്തുന്ന ക്ളാസുപരീക്ഷകൾ അടിസ്ഥാനമാക്കി യോഗ്യതാപത്രങ്ങൾ നല്കാവുന്നതാണ്. വർഷാന്ത്യത്തിൽ പുറമേയുള്ളവരെക്കൊണ്ട് പരീക്ഷകൾ നടത്തി വിദ്യാർഥികളുടെ ജയാപജയങ്ങൾ നിശ്ചയിക്കുന്ന സമ്പ്രദായം (ബാഹ്യപരീക്ഷ) നിർത്തേണ്ടതാണ്.

കുട്ടികളെ പതിനാലാമത്തെ വയസ്സിൽ കേവലം കൈത്തൊഴിലുകാരായി മാറ്റുകയല്ല, പ്രത്യുത പ്രാദേശികസ്ഥിതിഗതികളെയും കുട്ടികളുടെ അഭിരുചിയെയും കണക്കിലെടുത്ത്, തിരഞ്ഞെടുക്കപ്പെടുന്ന കൈത്തൊഴിലുകളിലൂടെ ഉത്പാദനക്ഷമമായവിധം സമഗ്രവും ഫലപ്രദവും ആയ വിദ്യാഭ്യാസം അവർക്കു നല്കുകയാണ് അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്മിറ്റി വ്യക്തമാക്കി.സ്വയം പര്യാപ്തത എന്ന സാമൂഹികവ്യവസ്ഥിതിക്ക് രൂപം നല്കുവാനുള്ള ബോധപൂർവമായ ശ്രമം ഈ പദ്ധതിയിൽ കാണാം. ജോലിയുടെ മാഹാത്മ്യം അത് ഉയർത്തിക്കാണിക്കുന്നു. സഹകരണ ബോധം വളർത്തിയും ഗ്രാമജീവിതവും നഗരജീവിതവും തമ്മിലുള്ള വിടവ് നികത്തിയും സാമ്പത്തിക പ്രശ്നങ്ങൾ ആവുന്നത്ര പരിഹരിച്ചും സമൂഹത്തെ പുനഃസംവിധാനം ചെയ്യുന്നതിന് പറ്റിയ പ്രവർത്തനപരിപാടികൾ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.







No comments:

Post a Comment

MIKAV 06