Saturday, November 5, 2022

വൈജ്ഞാനികാംശത്തെ മാറ്റിപ്പണിയുമ്പോൾ

sargavela 05-11-22


സർഗ്ഗാത്മകമോ അല്ലാത്തതോ ആയ ഏത് മനുഷ്യ പ്രവർത്തിയുടെയും പിന്നിൽ വിജ്ഞാനപരമായ ഒരു തലം - ലെയർ - നിലനിൽക്കുന്നുണ്ട്. കഥ കവിത നോവൽ ചിത്രം സംഗീതം ശില്പം നാടകം തുടങ്ങിയ നാം പറയുന്ന സർഗ്ഗാത്മക പ്രവർത്തനങ്ങളോ കൃഷി ചായ ഉണ്ടാക്കൽ സദ്യ ഒരുക്കൽ തുടങ്ങിയ സാധാരണ ദൈനംദിന പ്രവർത്തനങ്ങളോ ആവട്ടെ അതിന്റെയൊക്കെ പിന്നിൽ വൈജ്ഞാനികമായ ഒരു അടര് നിലനിൽക്കുന്നുണ്ട്. ഉദാഹരണമായി നമ്മളിവിടെ ഒരു കഥ - മുതലയും കുരങ്ങനും - എടുത്തു എന്നെ ഉള്ളൂ. ഈ കഥ ഒരു സൗഹൃദത്തിന്റെയും ആ സൗഹൃദം ചതിയായി മാറുന്നതിന്റെയും ഉള്ളടക്കമാണ് പറയുന്നത്. വൈജ്ഞാനിക ഭാഷയിൽ പറഞ്ഞാൽ ഒരു ധാർമിക പ്രശ്നം ആണ് . മൊറാലിറ്റിയുടെ വിജ്ഞാനമാണ് ഇതിൽ കാണുക. ഈ വിജ്ഞാനം കുട്ടികളിൽ പകരാനാണ് കുട്ടികളോട് മുതിർന്നവർ ഈ കഥ സരസമായി പറയുന്നത്. എന്നാൽ നമ്മൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തത് ഈ വൈജ്ഞാനികാശത്തെ ഗണിത വിജ്ഞാനവുമായും ചരിത്ര വിജ്ഞാനമായും പരിസ്ഥിതി വിജ്ഞാനം ആയും ഭാഷാ വിജ്ഞാനമായും ശാസ്ത്ര വിജ്ഞാനമായും ഒക്കെ മാറ്റി പ്രവർത്തിപ്പിക്കുകയാണ്. അപ്പോഴാണ് കുരങ്ങൻ മുതലയുടെ ചതിയിൽ നിന്ന് രക്ഷപ്പെട്ടത് ഒരു ഗണിത പ്രശ്നം പരിഹരിക്കാനുള്ള ജോലി ഏൽപ്പിച്ചപ്പോഴാണ് . മറ്റൊരു കഥയിൽ കുരങ്ങൻ മുതലയിൽ നിന്ന് രക്ഷപ്പെട്ടത് ഇന്ത്യ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമായ ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ടിട്ടാണ്. മറ്റൊരു കഥയിൽ സംസ്കൃത ഭാഷയിലുള്ള മൃത്യുഞ്ജയ മന്ത്രം പഠിപ്പിച്ചു കൊടുക്കാം എന്ന ഭാഷാപരമായ ഒരു ലയർ ചേർത്തുകൊണ്ടാണ്. പിന്നൊരിക്കൽ കുരങ്ങൻ മുതലയുടെ ചതിയിൽ നിന്ന് രക്ഷപ്പെടുന്നത് ഓരോ ജീവിയുടെയും ശരീരശാസ്ത്രപരമായ കഴിവുകളെ അടിസ്ഥാനപ്പെടുത്തി ആണ് . ശാസ്ത്രം കണ്ടെത്തിയ തീയിന്റെ ഉപയോഗം പ്രയോഗിച്ചുകൊണ്ടാണ് പിന്നൊരിക്കൽ കുരങ്ങൻ ചതിയിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ കഥ മെനഞ്ഞെടുക്കുന്നത്. ഈ സാധ്യത കഥയെ റിട്ടോൾഡ് ചെയ്യാനുള്ള സാധ്യത ജ്യോതിശാസ്ത്രം ഭൂമിശാസ്ത്രം അറ്റോമിക് എനർജി പാചകം തുടങ്ങി നിരവധി നിരവധി വിജ്ഞാന അടരുകൾ കൂട്ടിച്ചേർത്തുകൊണ്ട് നമുക്ക് ചെയ്യാവുന്നതേയുള്ളൂ. 

pic :https://www.tell-a-tale.com/panchatantra-monkey-crocodile/

അധ്യാപിക എന്ന നിലയ്ക്ക് നമുക്ക് ഈ റീട്ടോൾഡിങ്ങിന്റെ ആവശ്യകത പ്രധാനമാണ്. ക്ലാസ് റൂം പ്രവർത്തനങ്ങളിൽ കുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആക്ടിവിറ്റി കഥ പറയലും കഥ കേൾക്കലും ആണ് . ക്ലാസിൽ പൊതുവേ അധ്യാപിക കഥ പറയാൻ കുട്ടിക്ക് അവസരം കൊടുക്കുന്നത് വളരെക്കുറവും എന്നാൽ ടീച്ചർ കഥ പറയുന്നത് വളരെ കൂടുതലുമാണ്. ശരിക്കും ആലോചിച്ചാൽ കുട്ടിയാണ് ഭാഷാ വികാസത്തിന്റെ ഭാഗമായി കഥകൾ പറയേണ്ടത്. അതിരിക്കട്ടെ . ഏതു വിഷയം ആണ് പഠിപ്പിക്കുന്നത് എങ്കിലും അവിടെയൊക്കെ തന്നെ നമുക്ക് റീ റൈറ്റ് ചെയ്യാൻ കഴിയുന്ന കഥാസാധ്യതയാണ് ഈ പ്രവർത്തനത്തിലൂടെ നമ്മൾ തിരിച്ചറിഞ്ഞത്. 


മറ്റൊരു കാര്യം കഥ പറയുന്നത് അതിൻറെ ഒരു രീതി - കഥനരീതി പൂർണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ടാവണം. ഇന്നലെ നമ്മൾ കേട്ട ചരിത്ര കഥനം മിക്കവാറും അങ്ങനെ ഒന്നായിരുന്നു. കഥ പറയാൻ കുട്ടികൾക്ക് ഇഷ്ടപ്പെടുമ്പോലെ കഥ പറയാൻ ടീച്ചർ പരിശീലിക്കേണ്ടതുണ്ട്. ഇനിയൊന്ന് കഥ റീ റൈറ്റ് ചെയ്യുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന വിജ്ഞാനം കഥയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഒന്നായി നിറയണം . അതായത് ഇന്ത്യൻ സ്വാതന്ത്രസമരം കഥയ്ക്കുള്ളിൽ ലയിച്ച് കിടക്കുന്നതുപോലെയും അഗ്നിയുടെ കണ്ടെത്തൽ ആ കഥക്കുള്ളിൽ ലയിച്ചു കിടക്കുന്നത് പോലെയും ഒക്കെ . എന്നാൽ കഥയ്ക്ക് പുറത്ത് വിജ്ഞാനാംശം കഥയിൽ ലയിക്കാതെ കിടക്കുന്നത് കഥയുടെ ക്രാഫ്റ്റ് നമ്മൾ ഇനിയും മനസ്സിലാക്കേണ്ടതുണ്ട് എന്ന് കാണിക്കുന്നതാണ്. സിംഹത്തിന്റെ ശിക്ഷയും ഉറുമ്പുകളുടെ എണ്ണം കണക്കാക്കലും ശരിക്ക് നോക്കിയാൽ കഥയ്ക്ക് ഉള്ളിലല്ല പുറത്താണ് കിടക്കുന്നത്. ഇത് കഥ എഴുതുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. 


ഇനി ഒരു കാര്യം കുരങ്ങൻ എപ്പോഴും രക്ഷപ്പെടുന്നത് ഒരു വൈജ്ഞാനിക മേഖല [ വിജ്ഞാനം - അറിവ്  ] പ്രയോജനപ്പെടുത്തി കൊണ്ടാണ്. മുതല എപ്പോഴും വിഡ്ഢിയാകുന്നത് ഈ വൈജ്ഞാനിക മേഖലയ്ക്ക് അറിയില്ല എന്നുള്ളതു കൊണ്ടുമാണ്. ചതിക്കാൻ തീരുമാനിച്ച മുതല് വിഡ്ഢിയാവുന്നത് ധാർമികമായ ഒരു പണിഷ്മെൻറ് മാത്രമായില്ല വൈജ്ഞാനികമായ ഗ്യാപ്പ് കൊണ്ടു കൂടിയാണ് എന്ന് അറിയണം. മുതലയുടെ പിടിയിൽപ്പെടാതെ കുരങ്ങന് രക്ഷപ്പെടണമെങ്കിൽ പുതിയ പുതിയ വിജ്ഞാനങ്ങൾ കണ്ടെത്തിയെ മതിയാവു . അതായത് പുതിയ അറിവുകൾ കണ്ടെത്തുക എന്നത് ഒരു ജീവിയുടെഅതിജീവനത്തിന് പ്രധാനപ്പെട്ടതാണ്. ഈ അതിജീവനത്തിന്റെ ഭാഗമായിട്ടാണ് നമ്മുടെ എല്ലാ വിജ്ഞാന മേഖലകളും കാലാകാലങ്ങളായി വികസിച്ച് വന്നത്. 

2 comments:

  1. ഏതൊരു സംഭവത്തിന്‌ പിന്നിലും വിവിധ വൈജ്ഞാനിക മേഖലകൾ ഉണ്ടെന്നു തിരിച്ചറിയാൻ സഹായകമായി ഈ ബ്ലോഗ്

    ReplyDelete
  2. story 02

    കുരങ്ങനും മുതലയും- ചരിത്ര വൈജ്ഞാനിക മണ്ഡലം



    സ്വതന്ത്രസമര കാലഘട്ടം കാട്ടിൽ എല്ലായിടത്തും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുറവിളി ഉയർന്നു കൊണ്ടിരുന്നു കാട്ടിലെ പ്രധാന സ്വാതന്ത്ര സമര സേനാനിയാണ് കുരങ്ങൻ കുരങ്ങൻ തന്റെ സുഹൃത്‌ അണ്ണാറക്കണ്ണനുമായി ഒരു അത്തിമരത്തിൽ ഇരുന്നു കൊണ്ടാണ് തന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഒരിക്കൽ ബ്രിട്ടീഷ്കാരുടെ കാട്ടിലെ പ്രധാന ചാരനായ മുതല നദിവഴി പോകുമ്പോൾ കുരങ്ങന്റെയും അണ്ണന്റെയും സംസാരം മുതല കേൾ ക്കാനിടയായി ഇരുവരും അത്തിപ്പഴം യഥേഷ്ടം കഴിക്കുന്നതും മുതല ശ്രദ്ധിച്ചു ഉടൻ തന്നെ ഈ വിവരം ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ മുതല അറിയിച്ചു അപ്പോൾ അവർ കുരങ്ങന്റെ ഹൃദയത്തിന് വിലയിടുകയും കുരങ്ങനെ വധിക്കുക എന്ന ദൗത്യം മുതലയെ എല്പിക്കുകയും ചെയ്തു പിന്നീട് ആ മുതല പതിയെ കുരങ്ങനുമായി ചങ്ങാത്തം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു സുഹൃത്തായ അണ്ണാൻ വിലക്കിയെങ്കിലും കുരങ്ങൻ മുതലയുമായി ചങ്ങാത്തത്തിൽ ഏർപ്പെടുകയും മുതലക്ക് അത്തിപ്പഴങ്ങൾ നൽകുകയും ചെയ്തു ഒരിക്കൽ മുതല തന്റെ വീട്ടിലേക്കു കുരങ്ങനെ ക്ഷണിച്ചു കുരങ്ങൻ ക്ഷണം സ്വീകരിക്കുകയും മുതലയുടെ പുറത്തു കയറി പോകുകയും ചെയ്തു എന്നാൽ നദി യുടെ പകുതിയെത്തിയപ്പോൾ മുതലയുടെ ഉദ്ദേശം മനസിലാക്കിയ കുരങ്ങൻ പറഞ്ഞു സുഹൃത്തേ എന്റെ ഹൃദയം തരുന്നതിൽ എനിക്ക് വിരോധം ഒന്നുമില്ല എന്നാൽ എന്റെ ഹൃദയം ഉപ്പുസത്യാഗ്രഹത്തിന് പോയപ്പോൾ അപകടം ഒന്നും സംഭവിക്കാതിരിക്കാൻ അത്തി മരത്തിന്റെ മുകളിൽ വെച്ചിരിക്കയാണ് അതിനാൽ തിരിച്ചു പോയി അതെടുക്കാം മുതല തിരിച്ചു കരയിൽ എത്തിയപ്പോൾ കുരങ്ങൻ ചാടി മരത്തിൽ കയറി മുതലയോട് പറഞ്ഞു ഞാൻ മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരമാണ് സമരത്തിൽ ഏർപ്പെട്ടതെന്നും നിന്നെ പോലുള്ള രാജ്യദ്രോഹികൾക്ക് മുന്നിൽ ഇന്ത്യാകാർ അടിയറവ് പറയില്ലെന്നും പറഞ്ഞ് മുതലയെ ആട്ടിയോടിച്ചു സമരം ശക്തമാക്കി 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയോടൊപ്പം കാട്ടിലും സ്വാതന്ത്ര്യം ലഭിച്ചു

    ReplyDelete

MIKAV 06